മുഖ്യമന്ത്രി മാധ്യമങ്ങളോട് തിരുവനന്തപുരം : നിപയുടെ രണ്ടാം തരംഗത്തിനുള്ള സാധ്യത കുറവാണെങ്കിലും പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടുകൂടിയുളള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ജനങ്ങളെ ബോധവത്‌കരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം നൽകുന്നതിനുമൊപ്പം തെറ്റിദ്ധരിപ്പിക്കുന്നതും ഭീതി പടര്‍ത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കാതിരിക്കാനുള്ള ജാഗ്രതയും തുടര്‍ന്നും കാണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു (CM Pinarayi Vijayan On Nipah).
നിപ കൂടുതല്‍ പേരിലേക്ക് പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. കോഴിക്കോട് ജില്ലയിലും സമീപത്തെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും നിപ വ്യാപനം തടയാന്‍ സർക്കാർ ശാസ്‌ത്രീയമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ടാണ് കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവായത്. അസ്വാഭാവികമായ പനി ശ്രദ്ധയില്‍പ്പെട്ടയുടനെ സര്‍ക്കാര്‍ ഇടപെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും 19 ടീമുകള്‍ ഉള്‍പ്പെട്ട നിപ കോര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തു. കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസില്‍ നിപ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. കോള്‍ സെന്‍റര്‍ തുറന്ന് ആരോഗ്യവകുപ്പിന്‍റെ 'ദിശ' സേവനവുമായി ബന്ധിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ സൗകര്യവും, ഐ.സി.യു വെന്‍റിലേറ്റര്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തി.
ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മേഖലയില്‍ നിന്നുള്ള മറ്റ് മന്ത്രിമാരും എം.എല്‍.എ മാരും പഞ്ചായത്ത് പ്രസിഡന്‍റുമാരും ഈ പ്രവര്‍ത്തനങ്ങളിലാകെ നേതൃത്വപരമായ പങ്കുവഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗബാധിതരും സമ്പർക്കപ്പട്ടികയും : 1286 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവരില്‍ 276 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ 122 പേര്‍ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണമുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതില്‍ 267 പേരുടെ പരിശോധനാഫലമാണ് വന്നത്. ആറ് പേരുടെ ഫലമാണ് ഇതില്‍ പോസിറ്റീവ് ആയിട്ടുള്ളത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോള്‍ ഒൻപത് പേരാണ് ഐസൊലേഷനിലുള്ളത്. നിപ രോഗപ്രതിരോധത്തിനും ചികിത്സയ്‌ക്കുമായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മതിയായ ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളുടെയും, നിപ പ്രതിരോധ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വൊളണ്ടിയര്‍ സേവനം ലഭ്യമാക്കുന്നുണ്ട്. വാര്‍ഡ് തിരിച്ച് പ്രാദേശികമായി സന്നദ്ധപ്രവര്‍ത്തകരുടെ ടീമിനെ സജ്ജീകരിക്കുകയാണ്. പഞ്ചായത്ത് നിശ്ചയിക്കുന്നവരാണ് വൊളണ്ടിയര്‍മാര്‍ ആകുന്നത്. പൊലീസിന്‍റെ പ്രത്യേക ശ്രദ്ധയും ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്.
നിപ പരിശോധന തുടരും :രോഗനിര്‍ണയത്തിനായി കോഴിക്കോടുള്ള മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി ലാബിലും തോന്നക്കലിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജി ലാബിലും തുടര്‍ന്നും പരിശോധന നടത്തും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്.
പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്‌ഠ ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന ആശങ്കയും കണക്കിലെടുത്താണ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. 1193 കോളുകള്‍ കോള്‍ സെന്‍ററില്‍ ലഭിച്ചു. 1099 പേര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിംഗും നല്‍കി. ഈ സഞ്‌ജീവനി ടെലിമെഡിസിന്‍ സേവനവും തുടര്‍ന്നുവരുന്നുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.