തിരുവനന്തപുരം :ഗ്രാമ, നഗര വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാന്‍ ഉദ്ദേശിച്ചുള്ള കെ-ഫോണ്‍ പദ്ധതി ലക്ഷ്യത്തോടടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കും എന്നത് കഴിഞ്ഞ ആറുവര്‍ഷത്തെ അനുഭവമാണ്. ആ അനുഭവം തെറ്റല്ലെന്ന് തെളിയിച്ചുകൊണ്ട് കേരളത്തിന്‍റെ അഭിമാനകരമായ കെ-ഫോണ്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്. നിലവില്‍ 2600 കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചു. 375 പോപ്പുകളില്‍ 114 എണ്ണം പൂര്‍ത്തിയാക്കി. കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലാണ് ഇവ സജ്ജീകരിക്കുന്നത്. 34961 കിലോമീറ്റര്‍ എ.ഡി.എസ്.എസ്.ഒ.എഫ്.സി കേബിള്‍ ഇടാനുള്ളതില്‍ 14 ജില്ലകളിലായി 11906 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചു. എന്‍ഡ് ഓഫിസ് കണക്ടിവിറ്റി ലക്ഷ്യമിടുന്ന 30000 സര്‍ക്കാര്‍ ഓഫിസുകളില്‍ 3019 എണ്ണം 2021 ഡിസംബര്‍ 31നുള്ളില്‍ പ്രവര്‍ത്തന സജ്ജമായി.