കേരളം

kerala

ETV Bharat / state

'ട്രെയിനില്‍ തീ വച്ച പ്രതിയെ പിടികൂടിയത് അന്വേഷണ സംഘത്തിന്‍റെ മികവ്': അഭിനന്ദിച്ച് മുഖ്യമന്ത്രി

കോഴിക്കോട് ട്രെയിനില്‍ തീ വച്ച കേസിലെ പ്രതിയെ പിടികൂടിയത് കേരള പൊലീസിന്‍റെ അന്വേഷണ മികവും മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്‍റെയും ഫലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

Calicut train fire  Pinarayi Vijayan appreciating investigating team  CM Pinarayi Vijayan  ട്രെയിനില്‍ തീ വച്ച പ്രതിയെ പിടികൂടി  മുഖ്യമന്ത്രി  കോഴിക്കോട് ട്രെയിനില്‍ തീ വച്ച കേസിലെ പ്രതി  മുഖ്യമന്ത്രി പിണറായി വിജയന്‍  പിണറായി വിജയൻ  കോഴിക്കോട് ട്രെയിന്‍ ആക്രമണം
മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Apr 5, 2023, 2:35 PM IST

തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീവയ്പ്പ് നടത്തിയ പ്രതിയെ പിടി കൂടാനായത് കേരള പൊലീസിന്‍റെ അന്വേഷണ മികവിന്‍റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്‍റെയും ഫലമായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു പേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദമായി അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു.

അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്‌ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്‌തു. അതിന്‍റെ ഭാഗമായി പ്രതിയെ മഹാരാഷ്‌ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു.

കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്‍റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്‍റെയും ഫലമായിട്ടാണ്. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്‌ട്ര എടിഎസ്, കേന്ദ്ര ഇന്‍റലിജന്‍സ്, റെയില്‍വേ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read:ട്രെയിനില്‍ തീവച്ച കേസ്; പ്രതി ഷഹറൂഖ് സെയ്‌ഫി മഹാരാഷ്‌ട്രയില്‍ പിടിയില്‍

രാജ്യത്താകെ വലവിരിച്ച് അന്വേഷണം: ഇന്നലെ രാത്രിയാണ് കോഴിക്കോട് ട്രെയിനില്‍ തീ വച്ച കേസിലെ പ്രതിയായ ഷഹറൂഖ് സെയ്‌ഫിയെ രത്‌നഗിരിയിലെ ആശുപത്രിയില്‍ വച്ച് മഹാരാഷ്‌ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡും കേന്ദ്ര ഇന്‍റലിജന്‍സ് സംഘവും ചേര്‍ന്ന് പിടികൂടിയത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ നിലയിലായിരുന്നു ഇയാള്‍. ട്രെയിനില്‍ തീ വച്ച സമയത്ത് ഇയളുടെ മുഖത്തും ശരീരത്തിലും പൊള്ളല്‍ ഏറ്റു എന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊള്ളലിന് ആശുപത്രികളില്‍ ചികിത്സ തേടുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് രത്‌നഗിരിയിലെ ആശുപത്രിയില്‍ സമാനമായ പരിക്കുകളോടെ ഒരാള്‍ ചികിത്സ തേടിയെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷഹറൂഖ് പിടിയിലാകുകയായിരുന്നു.

ഇന്‍റലിജന്‍സ് വിഭാഗം ഇയാളെ ചോദ്യം ചെയ്‌ത് കേരള പൊലീസിന് കൈമാറി. ഏപ്രില്‍ രണ്ടിന് രാത്രിയാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം നടന്നത്. കണ്ണൂരിലേക്ക് പോകുകയായിരുന്ന കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിലാണ് സംഭവം. യാത്രക്കാരില്‍ ഒരാള്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ വയ്‌ക്കുകയായിരുന്നു.

Also Read:എലത്തൂർ ട്രെയിൻ തീവയ്‌പ്പ്; പ്രതി ഷഹറൂഖ് സൈഫിയെ ഉടൻ കേരളത്തിൽ എത്തിക്കുമെന്ന് ഡിജിപി

യാത്രക്കാരില്‍ ഒരാള്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ മൂന്ന് പേരെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തീ പടര്‍ന്നതോടെ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടിയവരാകാം മരിച്ചത് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഈവരുടെ മരണത്തിലും വ്യക്തത വരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

ട്രാക്കില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ നിന്ന് ലഭിച്ച തെളിവുകളുടെയും രേഖാചിത്രത്തിന്‍റെയും സിസിടിവി ദൃശ്യത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു പ്രതിക്കായുള്ള അന്വേഷണം.

ABOUT THE AUTHOR

...view details