തിരുവനന്തപുരം: പിഎസ്‌സിയുടെ പ്രാഥമിക പരീക്ഷ, മുഖ്യപരീക്ഷ എന്ന പരീക്ഷ ക്രമങ്ങള്‍ വിവിധ തസ്‌തികകളിലേക്ക് നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലതാമസമില്ലാതെ റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കൂടുതല്‍ അപേക്ഷകരുള്ള തസ്‌തികകള്‍ക്ക് 2021 മുതല്‍ പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയുമായാണ് പരീക്ഷകള്‍ നടക്കുന്നത്.
പ്രധാനമായും ഏഴാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയും പ്ലസ്‌ടു തലം വരെയും ഡിഗ്രി തലം വരെയും തിരിച്ചാണ് പ്രാഥമിക പരീക്ഷകള്‍ നടത്തുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ പരിശോധിച്ച് പരിഹരിക്കാന്‍ വിദഗ്‌ധസമിതി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രാഥമിക പരീക്ഷകള്‍ക്കും ബാധകമാണ്.
കൂടുതല്‍ അപേക്ഷകരുള്ള തസ്‌തികകളിലേക്ക് ഒരു ഘട്ടമായി പരീക്ഷ നടത്തുന്നത് അസാധ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ല തിരിച്ച് വിവിധ തീയതികളിലായാണ് പരീക്ഷ നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം ജില്ലയില്‍ തന്നെ പരീക്ഷ എഴുതാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നുണ്ട്. പരീക്ഷ കമ്മിഷന്‍ രൂപീകരിച്ചിട്ടുള്ള വിദഗ്‌ധസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ക്രമീകരണം നടത്തിയാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ഇതുസംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കാറുണ്ട്. ഷോര്‍ട്ട്‌ലിസ്റ്റ്/റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ സംവരണ വിഭാഗങ്ങളുടെ ചട്ടപ്രകാരമുള്ള പ്രാതിനിധ്യം പിഎസ്‌സി ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു പ്രാഥമിക പരീക്ഷകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തസ്‌തികകളുടെ എണ്ണം, പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളുടെ എണ്ണം, മുന്‍ റാങ്ക് പട്ടികയിലെ നിയമന ശിപാര്‍ശകളുടെ എണ്ണം, തെരഞ്ഞെടുപ്പ് നിര്‍ദേശം സമര്‍പ്പിക്കുന്നതുവരെ റിപ്പോര്‍ട്ട് ചെയ്‌ത ഒഴിവുകളുടെ എണ്ണം, എന്‍.ജെ.ഡി, എന്‍.സി.എ ഒഴിവുകള്‍, മുന്‍ റാങ്ക് പട്ടികയിലെ റിലിങ്ക്വിഷ്‌മെന്‍റ് (പിഎസ്‌സിയുടെ ഒന്നിലേറെ ലിസ്റ്റുകളിൽ നിന്നു നിയമന ശിപാർശ കിട്ടുകയും ഒരു ജോലി സ്വീകരിക്കുകയും ചെയ്യുന്നവർ മറ്റു ജോലികൾ വേണ്ടെന്ന് അറിയിക്കുന്നതിനായി നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കുന്നത്) അപേക്ഷകളുടെ എണ്ണം, എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കുള്ള എന്‍.സി.എ കോമ്പന്‍സേഷന്‍, മുന്‍ റാങ്ക് പട്ടികയില്‍ നിന്നും നികത്താന്‍ കഴിയാത്ത ഭിന്നശേഷി വിഭാഗത്തിലെ ടേണുകളുടെ എണ്ണം മുതലായ പരിഗണിച്ചാണ് സാധ്യത പട്ടിക/ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ഥികളുടെ എണ്ണം നിശ്ചയിക്കുന്നത്.
ഇത്തരത്തിലുള്ള പരീക്ഷ നടത്തിപ്പ് രണ്ടുതവണ പിഎസ്‌സി വിജയകരമായി പരാതികള്‍ക്കിടയില്ലാത്ത വിധം നടത്തിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പരാതികളൊന്നും പിഎസ്‌സിക്ക് ലഭിച്ചിട്ടില്ലായെന്നും അറിയിച്ചിട്ടുണ്ട്. സുതാര്യമായി നടത്തുന്ന തെരഞ്ഞെടുപ്പ് നടപടികളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഷാഫി പറമ്പില്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.