തിരുവനന്തപുരം:ബുറെവി ചുഴലിക്കാറ്റ് കടന്നു പോകുന്നതുവരെ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് കടന്നു പോകുന്നതിന്‍റെ വടക്ക് ഭാഗത്ത് മഴ കൂടുമെന്നാതാണ് ബുറെവിയുടെ സ്വഭാവം. അതു കൊണ്ട് തന്നെ കൊല്ലം ജില്ലയുടെ വടക്കൻ മേഖലയിലും ,പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബുറെവി ചുഴലിക്കാറ്റ് കടന്നു പോകുന്നതുവരെ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
ഏഴ് ജില്ലകളിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ചുമതല മന്ത്രിമാർക്ക് നൽകി. ഏത് പ്രതിസന്ധിയും നേരിടാൻ സംസ്ഥാനം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ,ഫയർ ഫോഴ്സ്, തുടങ്ങിയ വിവിധ സേനകൾ സജ്ജമാണ്. ദുരന്ത നിവാരണ സേനയുടെ എട്ട് ടീമുകളെ വിവിധ ജില്ലകളിലായി നിയോഗിച്ചിട്ടുണ്ട്. വ്യോമസേനയോട് ഹെലികോപ്റ്ററും, വിമാനവും നാവിക സേനയോട് കപ്പലും തയ്യാറാക്കി നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2791 ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ഏഴ് ജില്ലകളിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ചുമതല മന്ത്രിമാർക്ക് നൽകി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകടകരമായ നിലയിൽ സ്ഥാപിച്ച ഹോർഡിങ്ങുകൾ മാറ്റാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.