കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി

ജനശ്രദ്ധ തിരിച്ചുവിടാനാണ് വര്‍ഗീയ ശക്തികള്‍ ഭിന്നിപ്പിക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലും ഹിറ്റ്ലര്‍ ജര്‍മനിയിലും വിജയകരമായി പരീക്ഷിച്ച തന്ത്രമാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

CM not to implement Citizenship Amendment Act in Kerala  പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി  citizenship amenment bill cm byte  cm kerala latest news
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി

By

Published : Dec 12, 2019, 7:41 PM IST

Updated : Dec 12, 2019, 8:09 PM IST

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക പ്രതിസന്ധി പോലുളള ഗുരുതര പ്രശ്‌നങ്ങില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വര്‍ഗീയശക്തികള്‍ ഭിന്നിപ്പിക്കുന്ന നടപടികളിലേക്ക് തിരിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയെന്ന സവര്‍ക്കറുടെയും ഗോള്‍വള്‍ക്കറുടെയും സ്വപ്‌നമാണ് കേന്ദ്ര ഗവണ്‍മെന്‍റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ സന്തതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കരിനിയമത്തിന്‍റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. രാജ്യത്തിന്‍റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേരതത്വമാണ് എന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അധികാരത്തിന്‍റെ മുഷ്‌ക് ഉപയോഗിച്ച് ഭരണഘടനയെ വെല്ലുവിളിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്‍റെ ഔന്നത്യം. അതുവിട്ട് മതരാഷ്ട്രമായ പാകിസ്ഥാനിലേത് പോലെയാകണം ഇന്ത്യയുമെന്ന പ്രാകൃത രാഷ്ട്രീയമാണ് ആര്‍എസ്എസിന്‍റേത്. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹിന്ദുരാഷ്ട്രം എന്ന അജണ്ട പ്രാവര്‍ത്തികമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന്‍റെ ഐക്യത്തെയും ശക്തിയെയും ചോര്‍ത്തിക്കളയുന്ന നീക്കമാണ്. രാജ്യത്തിന്‍റെ സമ്പദ്ഘടന പരിതാപകരമായ നിലയിലാണ് എന്ന് വ്യക്തമാക്കുന്ന പഠനങ്ങളും കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം ഗുരുതര പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വര്‍ഗീയ ശക്തികള്‍ ഭിന്നിപ്പിക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലും ഹിറ്റ്ലര്‍ ജര്‍മനിയിലും വിജയകരമായി പരീക്ഷിച്ച തന്ത്രമാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Last Updated : Dec 12, 2019, 8:09 PM IST

ABOUT THE AUTHOR

...view details