കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരിയെന്ന് എം.എം ഹസന്‍

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ആരുവേണമെന്ന് മറ്റൊരു കക്ഷി നിര്‍ദേശിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വിചിത്രമായ കണ്ടെത്തല്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലീംലീഗാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍

mm hassan  CM is a businessman of communalism  pinarayi vijayan  എം.എം ഹസന്‍  പിണറായി വിജയന്‍  മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരി
മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരിയെന്ന് എം.എം ഹസന്‍

By

Published : Dec 20, 2020, 2:58 PM IST

തിരുവനന്തപുരം: മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്‌ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. യുഡിഎഫിന്‍റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്‍റിനെ മാറ്റാന്‍ മുസ്ലീംലീഗ് ആവശ്യപ്പെട്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നു. ഇത് ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരുവേണമെന്ന് മറ്റൊരു കക്ഷി നിര്‍ദേശിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വിചിത്രമായ കണ്ടെത്തല്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലീംലീഗാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ്. പിണറായി വിജയന്‍ സര്‍സംഘചാലക് വിജയനായി അധപതിക്കുന്ന ദയനീയ കാഴ്‌ചയാണ് കേരള സമൂഹം കാണുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മതവര്‍ഗീയ കക്ഷികളുമായി ചേര്‍ന്നെന്ന കുപ്രചരണം നടത്തിയപ്പോഴും യുഡിഎഫിനെ നയിക്കുന്നത് കുഞ്ഞാലിക്കുട്ടി, ഹസന്‍, അമീര്‍ കൂട്ടുകെട്ടാണെന്ന ബിജെപിയുടെ അതേ പ്രചാരണമാണ് മുഖ്യമന്ത്രിയും ഏറ്റുപാടിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായും ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിയുമായും സിപിഎമ്മുണ്ടാക്കിയ സഖ്യത്തിന്‍റെ സൂത്രധാരനായ പിണറായി വിജയന്‍റെ ലക്ഷ്യം ഭൂരിപക്ഷ വര്‍ഗീയതയെ ചൂഷണം ചെയ്യുകയാണ്. യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത് ഉമ്മന്‍ചാണ്ടി, കെ.എം മാണി, കുഞ്ഞാലിക്കുട്ടി എന്നിവരാണെന്ന് പിണറായിയുടെ മുന്‍ഗാമി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രചരണത്തിന്‍റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. ഭൂരിപക്ഷ-ന്യൂനപക്ഷ കാര്‍ഡുകള്‍ ഇറക്കിക്കളിച്ചതിന്‍റെ ഫലം തെരഞ്ഞെടുപ്പില്‍ ഉണ്ടായെന്ന വിലയിരുത്തലിലാണ് കേരളത്തില്‍ യുഡിഎഫ് അപ്രസക്തമായെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോദിയുടെ മുദ്രാവാക്യത്തിന്‍റെ വകഭേദമാണ് യുഡിഎഫ് അപ്രസക്തമായെന്ന പിണറായിയുടെ പ്രഖ്യാപനം. യുഡിഎഫ് മുക്ത കേരളമെന്ന പിണറായി വിജയന്‍റെ ദിവാസ്വപ്‌നം ബിജെപിയെ കേരളത്തില്‍ മുഖ്യ പ്രതിപക്ഷമായി വളര്‍ത്താനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമാണെന്ന് ഹസന്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളില്‍ ആര്‍എസ്എസ് പേടി വളര്‍ത്തി അവരുടെ പിന്തുണ പിടിച്ചെടുക്കാനും യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും വിഷം ചീറ്റുന്ന വര്‍ഗീയ പ്രചരണം മതേതര കേരളം തരിച്ചറിഞ്ഞിട്ടുണ്ട്. ക്ഷീരമുള്ളോരകിടിലും ചോരമാത്രം കുടിച്ച് അതിന്‍റെ രുചിയറിയുന്ന കൊതുകിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്നും ഹസന്‍ പരിഹസിച്ചു.

ABOUT THE AUTHOR

...view details