തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ സാമൂഹ വ്യാപനം കണ്ടെത്തിയ സാഹചര്യത്തിൽ ശാസ്ത്രീയമായ പരിഹാരമാർഗം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം 60 ശതമാനമാണ്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും വർധനവുണ്ട്.
സമൂഹ വ്യാപനത്തെ പിടിച്ചുകെട്ടാൻ ശാസ്ത്രീയ പരിഹാരമാർഗങ്ങൾ വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കൊവിഡ് സാമൂഹ വ്യാപനം കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം 60 ശതമാനമാണ്
വിവിധയിടങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഇതിൽ തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ വേണം. വീടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയ ശേഷവും മാസ്‌ക് ധരിക്കണം. വീടിനുള്ളിലും ശാരീരിക അകലം പാലിക്കണം. ജില്ലയിൽ രണ്ട് വീതം കൊവിഡ് ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്. പ്രാഥമിക തല ചികിത്സ കേന്ദ്രങ്ങളും സ്ഥാപിച്ചു. സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള അനുവാദം നൽകി. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതൽ ചികിത്സ കേന്ദ്രങ്ങൾ സ്ഥാപിക്കും. രോഗികളിൽ 60%ത്തിലേറെ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. സർക്കാരും ജനങ്ങളും ഒരുമിച്ച് ശ്രമിച്ചാൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.