തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടൽ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെയും പ്രതിപക്ഷത്തിന്‍റെയും ഏറ്റുമുട്ടൽ. തന്‍റെ കൈകൾ ശുദ്ധമെന്ന് പറയാനുള്ള നെഞ്ചുറപ്പ് തനിക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ബിജെപിയുടെ കച്ചേരിക്ക് പക്ക വാദ്യം വായിക്കാൻ പ്രതിപക്ഷം സദാ സന്നദ്ധരായിരിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബിജെപി നേതാക്കാൾ പറയുന്നത് ആവർത്തിക്കുന്ന മെഗാ ഫോണായി പ്രതിപക്ഷം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം സ്വയം വിശുദ്ധനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തിന് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വക്കാലത്ത് ഇല്ലെന്നും ചെന്നിത്തല എടുത്തുപറഞ്ഞു.
സ്വര്‍ണകടത്ത്; നിയമസഭയില്‍ മുഖ്യമന്ത്രിയും പിടി തോമസും നേർക്കുനേർ
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.
നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്ന് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടി പി.ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രി സ്വർണക്കടത്തുകാരെ താലോലിക്കുന്നുവെന്നും ധൃതരാഷ്ട്രരെ പോലെ മുഖ്യമന്ത്രി പുത്രി വാത്സല്യത്താൽ അന്ധനാകരുതെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ സംസാരിക്കാൻ എഴുന്നേറ്റ മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. കമ്മ്യൂണിസ്റ്റുകാരെ ജയിലു കാണിച്ചു പേടിപ്പിക്കണ്ടെന്ന് അടിയന്തരാവസ്ഥക്കാലം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. തന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്‌തത് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെടുത്തുന്നത് വികലമനസിന്‍റെ വ്യാമോഹമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്‍റെ കുടുംബാംഗങ്ങളെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ ചിലർക്ക് വ്യാമോഹം ഉണ്ടാകും. ചിലർ അതിന് ശ്രമിച്ചും കാണും. പ്രതിപക്ഷത്തെ പോലെ പണം കാണുമ്പോൾ ആർത്തി പണ്ടാരമല്ലെന്നും പ്രത്യേക ജനുസാണെന്നും പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയില്‍ രോഷാകുലനായി.
അതേ സമയം നെഞ്ചിന്‍റെ ഉറപ്പിനെക്കുറിച്ച് തന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് അന്വേഷണ ഏജൻസികൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ വായ് അടപ്പിക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളവും ഉണ്ടായി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയും ചെയ്‌തു.