കേരളം

kerala

ETV Bharat / state

രാജ്യത്ത് മതവിവേചനം നടപ്പാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകള്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

പൗരത്വ ഭേദഗതി നിയമം  കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍  Citizenship Amendment Act  Mullappally Ramachandran  KPCC president Mullappally Ramachandran  കെ.പി.സി.സി പ്രസിഡൻ്റ്  ഹര്‍ത്താൽ  നരേന്ദ്ര മോദി
പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് മതവിവേചനം നടപ്പാക്കിയെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

By

Published : Dec 16, 2019, 5:45 PM IST

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മതവിവേചനം നടപ്പാക്കിയെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിഷേധത്തിൻ്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതിനോട് കോണ്‍ഗ്രസിന് യോജിക്കാനാവില്ലെന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനകള്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയാണ് പൗരത്വ കരി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തതെന്ന് മുല്ലപ്പള്ളി കുറ്റപെടുത്തി. മതേതരത്വത്തിൻ്റെ പ്രസക്തി മനസിലാക്കാന്‍ കഴിയാത്ത വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ശില്‍പികള്‍ ഉറപ്പ് നല്‍കിയ മതനിരപേക്ഷ തത്വങ്ങളേയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയേയും നരേന്ദ്രമോദിയെന്ന തീവ്രഹിന്ദു ഫാസിസ്റ്റ് തകര്‍ത്തിരിക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ നരേന്ദ്ര മോദിയും കൂട്ടരും ശത്രുവായി കാണുന്നു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ് ഇന്ത്യയുടെ മഹത്തായ പൈതൃകത്തേയും പാരമ്പര്യത്തേയും മോദി ബലികഴിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം വിഭാഗങ്ങളെ ദ്രോഹിക്കുന്ന മോദി മറ്റൊരു കരിനിയമത്തിലൂടെ രാജ്യത്തെ ക്രൈസ്തവരേയും ദ്രോഹിച്ചെന്നു വരാമെന്നും ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ കൂട്ടത്തോടെ ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ടത് നാം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വിവേചനത്തിൻ്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും പൗരത്വ നിയമ ഭേഗഗതി ബില്ലിനെതിരെ ഡിസംബര്‍ 21ന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്നും മുല്ലപ്പളളി പ്രസ്താവനയിൽ അറിയിച്ചു. മതേതര ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍ ശക്തമായി ഈ കരിനിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details