കേരളം

kerala

ETV Bharat / state

'പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിന് ഒളിച്ചു കളി'; മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ മറുപടി

ഒളിച്ചു കളി രാഷ്ട്രീയം തനിക്കോ കോണ്‍ഗ്രസിനോ അറിയില്ലെന്നും പലതും ഒളിച്ചു വെച്ചുള്ള രാഷ്ട്രീയം അറിയാവുന്നത് മുഖ്യമന്ത്രിക്കാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി

പൗരത്വ നിയമം  കോണ്‍ഗ്രസിന് ഒളിച്ചു കളിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  Citizenship Act  Chief Minister's statement  Mullappally Ramachandran
കോണ്‍ഗ്രസിന് ഒളിച്ചു കളിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന; മറുപടി നല്‍കി മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Jan 7, 2020, 4:43 PM IST

തിരുവനന്തപുരം: പൗരത്വ നിയമത്തിൽ കോണ്‍ഗ്രസിന് ഒളിച്ചു കളിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒളിച്ചു കളി രാഷ്ട്രീയം തനിക്കോ കോണ്‍ഗ്രസിനോ അറിയില്ല. പലതും ഒളിച്ചു വെച്ചുള്ള രാഷ്ട്രീയം അറിയാവുന്നത് മുഖ്യമന്ത്രിക്കാണ്. യഥാർഥ ഫാസിസ്റ്റ് ആരെന്ന് അറിയാൻ മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കിയാൽ മതിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

'മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണ്. ന്യൂനപക്ഷങ്ങളോട് മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ പ്രതിബദ്ധതയില്ല. സിപിഎമ്മിന് എന്നും മൃദു ഹിന്ദുത്വ വികാരമാണുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ സിപിഎം നടത്തുന്നത് വഴിപാട് പോലുളള സമരങ്ങളാണ്. എല്ലാ സമരങ്ങളും നനഞ്ഞ പടക്കം പോലെ ചീറ്റുകയാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ദേശീയ തലത്തിൽ കോൺഗ്രസ് നടത്തിയ നീക്കങ്ങളെ തുരങ്കം വെച്ചയാളാണ് പിണറായി വിജയൻ. ബിജെപിക്ക് വേണ്ടി പിആർ വർക്ക് ചെയ്യുന്ന ഗവർണർ, രാഷ്ട്രീയം പറയരുതെന്ന് പറയാൻ മുഖ്യമന്ത്രി ആർജവം കാണിക്കുന്നില്ല. അലനും താഹാക്കും എതിരെ യുഎപിഎ ചുമത്തിയവരാണ് ഫാസിസ്റ്റ് വിരുദ്ധ നിലപാടും ന്യൂനപക്ഷ സ്നേഹവും പറയുന്നത്'. മുല്ലപ്പള്ളി ആരോപിച്ചു.

മുഖ്യമന്ത്രി മലർന്ന് കിടന്ന് മേലോട്ട് തുപ്പരുതെന്നും മുല്ലപ്പള്ളി പരിഹസിച്ചു. കേരള ബാങ്ക് യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ സഹകരണ മേഖലയുടെ ആരാച്ചാരായി പിണറായി വിജയൻ മാറും. കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനുള്ളിലെ തർക്കം അവരുടെ ആഭ്യന്തര വിഷയമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് ചർച്ചകൾക്ക് ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details