തിരുവനന്തപുരത്തെ ക്രിസ്‌മസ് വിപണികൾ തിരുവനന്തപുരം:കൊവിഡ് ഭീഷണിയുടെ നിഴല്‍ പൂര്‍ണമായൊഴിയുന്ന ക്രിസ്‌മസ് അവധിക്കാലത്തെ സ്വീകരിക്കാന്‍ തലസ്ഥാന നഗരിയും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാനായി വിപണിയും സജീവമാകുകയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് വിപണിയില്‍ ഇത്രയും പങ്കാളിത്തം ഉണ്ടാകുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.
ക്രിസ്‌മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്‌ക്കുന്നതിന് മുന്‍പ് തന്നെ വിപണികളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം വിപണി ഇത്ര സജീവമായിരുന്നില്ലെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കി.
ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങളുടെ ലഹരിയിലേക്ക് നഗരം കടക്കുമ്പോള്‍ എല്‍ഇഡി നക്ഷത്രങ്ങള്‍ക്കാണ് ഇത്തവണ ആവശ്യക്കാര്‍ ഏറെ. വിപണിയില്‍ 100 മുതൽ 500 രൂപ വരെയുള്ള എൽഇഡി നക്ഷത്രങ്ങൾ ലഭ്യമാണ്. ക്രിസ്‌മസ് ട്രീയും പുൽക്കൂടും ഉൾപ്പെടെ ഇത്തവണ വൈദ്യുതാലങ്കാര വിളക്കുകൾക്കും നിരവധി ആവശ്യക്കാരുണ്ട്.
3500 രൂപ മുതൽ 5000 രൂപ വരെയുള്ള വലിയ ക്രിസ്‌മസ് ട്രീകളും, 500 മുതൽ 2000 രൂപ വരെയുള്ള മിനി ക്രിസ്‌മസ് ട്രീകളും തേടിയെത്തുന്നവരുടെ എണ്ണം കൂടുതലാണെന്നും വില്‍പ്പനക്കാര്‍ അഭിപ്രായപ്പെടുന്നു. വൈദ്യത വിളക്കുകളിൽ അലങ്കരിച്ച പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും ഇത്തവണ വിപണിയിൽ സുലഭമാണ്. 10 രൂപ മുതൽ ഇവ ലഭ്യമാണ്.
രണ്ട് വർഷത്തിന് ശേഷം തിരക്ക് വർധിക്കുന്നുവെന്നത് വില്‌പനകാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആഘോഷങ്ങൾക്കും, വിപണിക്കും കൊവിഡ് ആഘാതമേല്‍പിച്ച ക്ഷീണം മറികടക്കാൻ ക്രിസ്‌മസ് വിപണിയിലെ സാധ്യതയെ വില്‌പനക്കാരും വലിയ പ്രത്യാശയോടെയാണ് കാണുന്നത്.