തിരുവനന്തപുരം: മന്ത്രിമാരുടെ അധികാരങ്ങൾ ലഘൂകരിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതി വിവാദമായതിനിടെ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ മറികടന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം. സെക്രട്ടേറിയറ്റിലേക്ക് സർവീസ് നടത്തുന്ന സമാന്തര വാഹനങ്ങൾക്ക് അനുമതി നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവാണ് വിവാദമായത്. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി സർവീസ് നടത്തുന്ന സമാന്തര വാഹനങ്ങൾക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകിയത്. മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനക്കിടെ സെക്രട്ടേറിയറ്റ് എന്ന ബോർഡ് വച്ച് നിയമവിരുദ്ധമായി സർവീസ് നടത്തിയ സമാന്തര വാഹനം കഴിഞ്ഞദിവസം പിടികൂടിയതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടൽ.
സെക്രട്ടേറിയറ്റിലേക്കുള്ള സമാന്തര വാഹനങ്ങൾക്ക് അനുമതി നൽകണമെന്ന് ചീഫ് സെക്രട്ടറി; നിര്‍ദേശം വിവാദത്തില്‍ - ചീഫ് സെക്രട്ടറി
സെക്രട്ടേറിയറ്റ് ജീവനക്കാരുമായി സർവീസ് നടത്തുന്ന സമാന്തര വാഹനങ്ങൾക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകിയത്
അനധികൃത സമാന്തര സർവീസുകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരം സർവീസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ നിർദേശം നൽകിയത്. ഇതിനിടെ കെഎസ്ആർടിസി ഇൻസ്പെക്ടർക്ക് നേരെയും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് നേരെയും സെക്യൂരിറ്റി ജീവനക്കാർ കയേറ്റശ്രമം നടത്തിയിരുന്നു. കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ ഉദ്യോഗസ്ഥരുടെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ പ്രധാനമായും സർക്കാർ ജീവനക്കാരെ ഉദ്ദേശിച്ചാണ് കെഎസ്ആർടിസി ബോണ്ട് സർവീസുകൾ ആരംഭിച്ചത്. എന്നാൽ അനധികൃത സർവീസുകൾക്ക് തടയിടാനായില്ല. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.