തിരുവനന്തപുരം :ഭരണഘടനയ്‌ക്കെതിരെ സജി ചെറിയാൻ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. മൗനമാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ആയുധമെന്നും വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സജി ചെറിയാൻ പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രസംഗത്തെ തള്ളിപ്പറയാത്തത് അത്ഭുതകരമാണ്. മാധ്യമങ്ങൾ പ്രസംഗത്തിന്‍റെ പൂർണരൂപം പുറത്തുവിട്ടില്ലെന്നാണ് സജി ചെറിയാൻ പറയുന്നത്. പൂർണരൂപം കേട്ടിരുന്നെങ്കിൽ ജനങ്ങൾ ബോധംകെട്ടുവീഴുമായിരുന്നു.
പ്രസംഗത്തിൽ സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രത്തോട് പൂർണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടാണ് സജി ചെറിയാൻ സ്വീകരിച്ചത്. ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കുന്നതാണ് ഉചിതം. സജി ചെറിയാൻ രാജിവച്ചത് സ്വന്തം തീരുമാനപ്രകരമാണെന്നാണ് പറഞ്ഞത്.