സംസ്ഥാനത്ത് ഒരാൾക്ക് കൊവിഡ്; 10 പേർക്ക് രോഗമുക്തി - covid 19 updates
16:23 May 08
ചെന്നൈയില്‍ നിന്നെത്തിയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നെത്തിയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് വൃക്ക രോഗവുമുണ്ട്. പത്ത് പേരാണ് ഇന്ന് രോഗമുക്തരായത്. രോഗം ഭേദമായവർ കണ്ണൂർ ജില്ലയില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഇനി 16 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20157 ആയി. ഇതില്‍ 19810 പേർ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 33 ഹോട്ട് സ്‌പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്തും രാജ്യത്തും ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസങ്ങള്‍ പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന്‍റെ മൂന്നാംഘട്ടത്തില്‍ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളുമായി സംസ്ഥാനം പൂർണ സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതു സമൂഹത്തില്‍ നിന്ന് കൂടുതല്‍ സഹകരണം ലഭിക്കേണ്ട ഘട്ടമാണ്. ഇനിയുള്ള ദിവസങ്ങൾ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിയെത്തുന്ന പ്രവാസികളെ പരിചരിക്കാന്‍ സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. തിരിച്ചത്തിയ പ്രവാസികളില്‍ സര്‍ക്കാര്‍ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിയുന്നവരും വീടുകളിലേക്ക് പോയവരും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവിടെ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.