തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രത്യക്ഷ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ഉന്നത വിദ്യാഭ്യാസ കൺവൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സർവകലാശാലകളുടെ നിലവാരമുയർത്തലാണ് വിദ്യാഭ്യാസ വിദഗ്‌ധർ പങ്കെടുക്കുന്ന കൺവൻഷനിലെ പ്രധാന ചർച്ച വിഷയം.
ഗവർണർക്കെതിരായ ഇടത് സമരം ഇന്ന്; മുഖ്യമന്ത്രിയും പങ്കെടുക്കും
സർവകലാശാലകളുടെ നിലവാരമുയർത്തലാണ് വിദ്യാഭ്യാസ വിദഗ്‌ധർ പങ്കെടുക്കുന്ന കൺവൻഷനിലെ പ്രധാന ചർച്ച വിഷയം. ഉന്നത വിദ്യാഭ്യാസ കൺവൻഷനിൽ മുഖ്യമന്ത്രി ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കാൻ സാധ്യതയുണ്ട്.
ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൺവൻഷനിൽ ഉയരുന്ന വിമർശനം ഏറെയും സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലുകൾ തന്നെയാകും. വൈസ് ചാൻസലർമാരെ ഒറ്റ ദിവസം കൊണ്ട് രാജി വയ്‌പ്പിക്കാനുള്ള ഗവർണറുടെ നിർദേശമടക്കം വിമർശന വിധേയമാകും. മുഖ്യമന്ത്രി തന്നെ ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കാനും സാധ്യതയുണ്ട്. കൺവെൻഷൻ രാഷ്ട്രീയ പരിപാടിയല്ലെന്ന വിശദീകരണം നൽകിയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
ഇന്നുമുതൽ ഗവർണർക്കെതിരായ ഇടതുമുന്നണിയുടെ സമര പരിപാടികൾക്ക് തുടക്കമാവുകയാണ്. ഈ മാസം 15ന് രാജ്ഭവനിൽ ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള മാർച്ചും ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. ഗവർണർക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയുള്ള പ്രതിരോധം.