തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ജാഥകൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. പാർട്ടികൾക്ക് ഉത്തരവാദിത്തബോധം വേണം. ജനങ്ങളുടെ ആരോഗ്യത്തിൻ്റെ പ്രശ്‌നമാണ്. ഇത്തരം യാത്രകൾ ആരോഗ്യവകുപ്പിൻ്റെ നിയന്ത്രണങ്ങൾ പാലിച്ചു വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജാഥകൾ; രൂക്ഷവിമർശനവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ - kerala assembly election 2021
പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടില്ല. അതേസമയം ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണം. നിയന്ത്രണങ്ങളോടെ കൊട്ടിക്കലാശം നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് ടീക്കാറാം മീണ
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും തെരഞ്ഞെടുപ്പ്. സാമൂഹിക അകലവും മാസ്‌കും നിർബന്ധമാണ്. ഒരു പോളിങ് ബൂത്തിൽ മൂന്ന് ക്യൂ ഉണ്ടാകും. മാസ്‌ക് വയ്ക്കാൻ മറക്കുന്നവർക്കായി പോളിങ് ബൂത്തിൽ മാസ്ക്കുകൾ കരുതും. പോളിങ് സ്റ്റേഷനുകൾ അണുവിമുക്തമാക്കണം. തെർമൽ പരിശോധനയ്ക്ക് ആശാവർക്കർമാരെ നിയോഗിക്കും. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡത്തിന് മുകളിലാണ് വോട്ടറുടെ താപനിലയെങ്കിൽ വീണ്ടും പരിശോധിക്കും. അതേ താപനില തുടർന്നാൽ കൊവിഡ് രോഗികൾ വോട്ട് ചെയ്യുന്ന അവസാന മണിക്കൂറിൽ മാത്രമായിരിക്കും ഇവർക്ക് വോട്ട് ചെയ്യാൻ അവസരം നല്‍കുകയെന്നും ടീക്കാറാം മീണ പറഞ്ഞു.
മാലിന്യം കൈകാര്യം ചെയ്യാൻ ആരോഗ്യ വകുപ്പ് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇത് പോളിങ് ബൂത്തിൽ നിന്ന് ശേഖരിച്ച് നീക്കം ചെയ്യുന്നതിന് ശുചിത്വമിഷനുമായി ചർച്ച നടക്കുകയാണ്. വോട്ടെണ്ണലിന് ഒരു ഹാളിൽ ഏഴ് മേശകൾ മാത്രമേ അനുവദിക്കൂ. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ മൂന്നോ നാലോ ഹാളുകൾ ഇങ്ങനെ സജ്ജീകരിക്കാം. കൊവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്ന 3,50,000 ഉദ്യോഗസ്ഥരുടെ വാക്‌സിനേഷൻ തുടരുകയാണെന്നും മീണ അറിയിച്ചു. പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടില്ല. അതേസമയം ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണം. നിയന്ത്രണങ്ങളോടെ കൊട്ടിക്കലാശം നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.