തിരുവനന്തപുരം : മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ തലക്കര ചെറിയ രാമന്‍ എന്ന ചെറുവയല്‍ രാമന്‍. രാഷ്ട്രപതി മുതല്‍ മുഖ്യമന്ത്രി വരെ ആദരിച്ച വ്യക്തിത്വം. പഴശ്ശിപ്പടയ്‌ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പടവാളേന്തിയ കുറിച്യ സമുദായത്തിന്‍റെ പ്രതിനിധി കൂടിയാണ് രാമന്‍. എന്നാല്‍ രാമന്‍റെ വീരഗാഥകള്‍ ഭാവിയില്‍ നെല്ലുകളുടെ കഥ പറയും.
ചെറുവയല്‍ രാമന്‍റെ ജീവിതവും ഒപ്പം തനത് കൃഷി രീതികളും പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുകയാണ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എം കെ രാമദാസ്. വയനാട്ടില്‍ ജോലി സംബന്ധമായ അലച്ചിലിനിടെയാണ് മാനന്തവാടിയില്‍ തനത് നെൽവിത്തുകള്‍ മാത്രം കൃഷി ചെയ്യുന്ന രാമനെ രാമദാസ് പരിചയപ്പെടുന്നത്. 500 വര്‍ഷം വരെ പഴക്കമുള്ള വിത്തുകള്‍ സംരക്ഷിച്ച് കൃഷി ചെയ്യുന്ന രാമന്‍റെ ജീവിതം ഒരു ഡോക്യുമെന്‍റ് ആയി സൂക്ഷിക്കേണ്ടതാണെന്ന് രാമദാസ് ഉറപ്പിക്കുകയായിരുന്നു.
2018 മുതല്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ദീര്‍ഘനാളത്തെ നിരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി രാമനോടൊപ്പം കൂടി. ഒപ്പം സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരുമായ മനോജ് പുതുപ്പാടി, വിജേഷ് കപ്പാറ, റംഷാദ് എന്നിവരും കൂടി. ഇതിനിടെ ചെറുവയല്‍ രാമന് രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്‌തു. എന്നാല്‍ തന്‍റെ ജീവിതം ഡോക്യുമെന്‍ററിയായി കാണുന്നതിലെ സന്തോഷത്തിനപ്പുറം കര്‍ഷകര്‍ ഇപ്പോഴും നേരിടുന്ന അവഗണനകളാണ് ചെറുവയല്‍ രാമനെ ഇപ്പോഴും അലട്ടുന്നത്.
കാര്‍ഷിക സംസ്‌കാരം കേളത്തിന്‍റെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രം കൂടിയാണെന്ന് ചെറുവയല്‍ രാമന്‍ ഓര്‍മപ്പെടുത്തുന്നു. കച്ചവട സംസ്‌കാരത്തിന്‍റെ അതിപ്രസരത്തില്‍ മണ്‍മറഞ്ഞ തനത് കൃഷി രീതികള്‍ സംരക്ഷിച്ചുപോരുന്ന ചെറുവയല്‍ രാമന്‍റെ കഥയും കാത്തു സൂക്ഷിക്കേണ്ടതാണെന്ന് രാമദാസും ഓര്‍മപ്പെടുത്തുന്നു. നെല്‍വിത്തിന്‍റെ ആയുസ് നിര്‍ണയിക്കുകയും അതിന്‍റെ ജീവന്‍ തലമുറകള്‍ക്കായി സൂക്ഷിക്കുകയും ചെയ്യുന്ന ചെറുവയല്‍ രാമന്‍റെ ജീവിതവും ദര്‍ശനവുമാണ് 'നെകല്‍- നെല്ലുമനുഷ്യന്‍റെ കഥ' എന്ന 42 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയിലൂടെ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.