തിരുവനന്തപുരം :ഇടത് ബന്ധമുപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാന് ഫിലിപ്പിനെ കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് നിയമന വിവരം മാധ്യമങ്ങളെ അറിയിച്ചത്. അണികളില്‍ രാഷ്ട്രീയ അവബോധം ഉണ്ടാക്കാനാണ് കെ.പി.സി.സി പുതുതായി രാഷ്ട്രീയ പഠനകേന്ദ്രം ആരംഭിക്കുന്നത്.
സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചാരണ പരിപാടികള്‍ ആവിഷ്ക്കരിക്കാനാണ് കെ.പി.സി.സിയുടെ ശ്രമം.