തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍ രേഖ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. തീരുമാനം അസാധുവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 21, പാര്‍ലമെന്‍റ് പാസാക്കിയ ഇന്ത്യന്‍ ടെലഗ്രാഫ് ആക്‌ടിന്‍റെ ലംഘനം, സംസാര സ്വാതന്ത്ര്യ ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മുന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി.ആസിഫലി വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് നേരത്തെ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് രോഗികളുടെ ഫോണ്‍ രേഖ ശേഖരണം; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍
മുന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി.ആസിഫലി വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചത്
ഫോൺവിളി
രോഗ വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ ദുഷ്‌കരമായതിനാലാണ് സി.ഡി.ആര്‍ ശേഖരണമെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു. സി.ഡി.ആര്‍ ശേഖരണം നേരത്തെ തുടങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നും നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥനായ സംസ്ഥാന പൊലീസ് മേധാവിക്ക് ഇത്തരം നിയമവിരുദ്ധമായ തീരുമാനം നടപ്പാക്കാനാകില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നത്.