തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇഎംസിസി കരാർ അഴിമതിയിൽ സംശയത്തിന്‍റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ കെഎസ്ഐഎൻസിയുമായി ഇഎംസിസി ഇത്രയും വലിയ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ടത് മുഖ്യമന്ത്രി അറിയാതെ പോകുമോ എന്ന് ചെന്നിത്തല ചോദിച്ചു.
ഇഎംസിസി കരാർ; സംശയത്തിന്‍റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ കെഎസ്ഐഎൻസിയുമായി ഇഎംസിസി ഇത്രയും വലിയ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ടത് മുഖ്യമന്ത്രി അറിയാതെ പോകുമോ എന്ന് ചെന്നിത്തല ചോദിച്ചു
ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വലിയ വാർത്ത വന്നിട്ടും ഫിഷറീസ് മന്ത്രി അറിഞ്ഞില്ല എന്നത് സംശയകരമാണ്. തന്‍റെ വെളിപ്പെടുത്തലുകൾ നിഷേധിച്ചാൽ കൂടുതൽ തെളിവുകളുമായി വരുമെന്നും ചെന്നിത്തല പറഞ്ഞു. പുതിയ ഫിഷറീസ് നയത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള യാനങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്ന തരത്തിലുള്ള നയവ്യതിയാനം ഉണ്ടായത് യാദൃശ്ചികമാണോ എന്ന് സർക്കാർ വെളിപ്പെടുത്തണം. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും സിപിഎമ്മിന്‍റെയും പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണ് ഈ നയവ്യതിയാനം. ഇഎംസിസിക്ക് പള്ളിപ്പുറത്ത് സ്ഥലം അനുവദിച്ചതിന്‍റെയും കമ്പനിയുമായി ഒപ്പിട്ട വിവിധ ധാരണാപത്രങ്ങളുടെയും പകർപ്പുകൾ സർക്കാർ പുറത്തുവിടണം. തന്‍റെ മാനസികനില തെറ്റിയിരിക്കുകയാണെന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവനയ്ക്കും ചെന്നിത്തല മറുപടി നൽകി.
സ്പ്രിംഗ്ലർ, ഇ-മൊബിലിറ്റി തുടങ്ങി വിവിധ തട്ടിപ്പുകൾ താൻ പുറത്തു കൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രിയും ഇതുപോലെയാണ് പ്രതികരിച്ചത്. അവയൊക്കെ ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. കേരളത്തിന്‍റെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുത്തു എന്ന കാര്യം അറിഞ്ഞ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയിൽ മാറ്റമുണ്ടായിട്ടുണ്ടാവും. മേഴ്സിക്കുട്ടിയമ്മ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.