തിരുവനന്തപുപരം: യൂണിവേഴ്സിറ്റി, പിഎസ്‌സി വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും ഗവർണ്ണറെ കണ്ടു. കേരള സർവകലാശാലയുടെയും പിഎസ്‌സിയുടെയും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം ഗവർണറോട് ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം ഗവര്‍ണറെ കാണുന്നത്.
യൂണിവേഴ്സിറ്റി, പിഎസ്‌സി വിഷയങ്ങളിൽ ഗവര്‍ണര്‍ ഇടപെടണം; ചെന്നിത്തല - പ്രതിപക്ഷ നേതാവ്
നിഷ്‌പക്ഷ അന്വേഷണത്തിനാണെങ്കിൽ ഉപസമിതിയില്‍ സിപിഐ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല.
സിപിഎമ്മുകാരെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച സിൻഡിക്കേറ്റ് ഉപസമിതിയെ പ്രതിപക്ഷം അംഗീകരിക്കില്ലെന്നും ഇത് എസ്എഫ്ഐയെ രക്ഷിക്കാന്‍ വേണ്ടി രൂപികരിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായികരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ നീതി പ്രതീക്ഷിക്കുന്നില്ല. യൂണിവേഴ്സിറ്റിയുടെയും പിഎസ്‌സിയുടേയും വിശ്വാസ്യത തകർന്ന സാഹചര്യത്തില്‍ ഇത് തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടികള്‍ ഗവർണർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.