തിരുവനന്തപുരം :സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഉപേക്ഷിക്കത്തക്കതുമല്ലെന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. പദ്ധതിക്ക് അനുകൂല നിലപാടാണ് കേന്ദ്രം തുടക്കത്തിൽ സ്വീകരിച്ചതെന്നും എന്നാൽ, പിന്നീട് ഒരുപാട് തടസങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ ഒറ്റക്കെട്ടായി പാർലമെന്‍റില്‍ പദ്ധതിയെ എതിർത്തു. പിന്തുണ നൽകി ബിജെപി രാഷ്‌ട്രീയമായി ഇടപെടുന്ന അവസ്ഥ പിന്നാലെ വന്നു. ബിജെപിയുമായി ചേർന്നപ്പോൾ വല്ലാത്ത ഒരു ശക്തി തങ്ങൾക്കുണ്ടായി എന്ന് പ്രതിപക്ഷത്തിന് ആശ്വാസം കൊള്ളാം. വിജയിച്ചു എന്നാണ് പ്രതിപക്ഷം കരുതുന്നതെങ്കിൽ അത് കേരളത്തിന്‍റെ പരാജയമാണ്.
എല്ലാ ഘട്ടത്തിലും കേന്ദ്രത്തിലെ ഉത്തരവാദപ്പെട്ടവർ പദ്ധതി പരിശോധനയിലാണ് എന്നാണ് അറിയിച്ചിരുന്നത്. പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം പദ്ധതിക്കെതിരെ ഒരക്ഷരം ഉരിയാടിയില്ല. പക്ഷേ രണ്ട് ഗവൺമെന്‍റുകള്‍ എന്ന നിലയിലല്ല പിന്നീട് കേന്ദ്രം ഇടപെട്ടത്.
'ഇത്തരം പദ്ധതികൾ കേരളത്തിൽ മാത്രമായി ഒതുങ്ങി നിൽക്കില്ല. രാജ്യത്തിന്‍റെ പലയിടത്തും ഇത്തരം പദ്ധതികൾ നടപ്പാക്കുന്നുണ്ട്, നടപ്പാക്കേണ്ടതുണ്ട്. പദ്ധതിയെ പൂർണമായി തള്ളിപ്പറയാൻ കേന്ദ്രത്തിനുപോലും കഴിയുന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ അനുമതി ലഭിച്ച ശേഷം പദ്ധതി നടത്തുന്നതായിരിക്കും ഉചിതമെന്നാണ് സർക്കാർ കരുതുന്നത്' - മുഖ്യമന്ത്രി പറഞ്ഞു.
'പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്തി കല്ലിട്ട ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് തടസമില്ല. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയതിനും ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും' മുഖ്യമന്ത്രി വ്യക്തമാക്കി.