തിരുവനന്തപുരം : സോളാർ കേസിൽ (Solar case) ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും അത് സിബിഐ പുറത്തുകൊണ്ടുവരട്ടെയെന്നും ചാണ്ടി ഉമ്മൻ (Chandy Oommen On Solar Scam Sexual Assault Case ). സത്യം കാലം തെളിയിക്കും. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. കൂടുതൽ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഹൗസിൽ (Pudupally House) മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണക്കാരെ ചേർത്തുപിടിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ മാർഗം പിന്തുടരും. പുതുപ്പള്ളി ഹൗസിലും പുതുപ്പള്ളിയിലും കേന്ദ്രീകരിച്ച് ഒരു പോലെ പ്രവർത്തിക്കും. വീട് ഇവിടെയല്ലേ, അപ്പോൾ തിരുവനന്തപുരത്ത് വരേണ്ടി വരില്ലേയെന്നും പുതുപ്പള്ളി ഹൗസിലേക്ക് വന്നപ്പോൾ ഒരു പാട് ഓർമ്മകൾ മനസ്സിൽ വന്നുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
സോളാർ പീഡന കേസിൽ (Solar Sexual Assault Case) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിശദീകരിക്കുന്നത്. കെബി ഗണേഷ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരി എഴുതിയ കത്തിൽ ഉണ്ടായിരുന്നില്ല. ഈ പേര് പിന്നീട് എഴുതി ചേർത്തതാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. 2012 സെപ്‌റ്റംബർ 19ന് ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് ഏതാനും മാസങ്ങൾക്ക് മുൻപാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഇതിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാത്രമല്ല ഉമ്മൻ ചാണ്ടി മരിച്ചുപോയതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍റെ പ്രതികരണം.