തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ തനിക്കെതിരെ സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്ന അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെ വാദം പൊളിഞ്ഞു. സമാന്തര യോഗം ചേര്‍ന്നതിന്‍റെ മിനുട്‌സ് രഞ്ജിത്തിനെതിരായ വിമത സംഘം പുറത്തു വിട്ടു (chalachitra academy dissident minutes).
സാംസ്‌കാരിക-സിനിമ മന്ത്രി സജി ചെറിയാന് നല്‍കിയ മിനുട്‌സിന്‍റെ പകര്‍പ്പാണ് പുറത്തു വന്നത്. മിനുട്‌സിന്‍റെ പകര്‍പ്പ് ഇടിവി ഭാരതിനു ലഭിച്ചു. യോഗത്തിന്‍റെ മിനുട്‌സില്‍ അക്കാദമി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പ്രകാശ് ശ്രീധര്‍, ജനറല്‍ കൗണ്‍സിലിലെ അംഗങ്ങളായ മനോജ് കാന, സോഹന്‍ സീനുലാല്‍, കുക്കു പരമേശ്വരന്‍, സിബി കെ തോമസ്, എന്‍ അരുണ്‍, കെ ഡി ഷൈബു മുണ്ടയ്ക്കല്‍, ജോബി എ എസ്, മുഹമ്മദ് കുഞ്ഞ് എന്നിവരാണ് ഒപ്പിട്ടിട്ടുള്ളത്.
ഐഎഫ്എഫ്‌കെയുടെ (IFFK) സംഘാടനവുമായി ബന്ധപ്പെട്ട ചുമതലകളില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കേ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനോട് അക്കാദമിയിലെ താത്കാലിക ജീവനക്കാരി അപമര്യാദയായി പെരുമാറുകയും അവരെ അവഹേളിക്കുകയും ചെയ്‌ത സംഭവത്തില്‍ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടതായി മിനുട്‌സ് വ്യക്തമാക്കുന്നു. ഇതേ സംഭവവുമായി ബന്ധപ്പെട്ട് തികച്ചും ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് ചെയര്‍മാന്‍ കുക്കു പമേശ്വരനോട് കൈക്കൊണ്ടത്. ഫെസ്റ്റിവല്‍ ജോലികള്‍ അവസാനിപ്പിച്ച് പോകാന്‍ കുക്കു പരമേശ്വരനോട് രഞ്ജിത് ആജ്ഞാപിച്ചതായും മിനുട്‌സ് ആരോപിക്കുന്നു.
സര്‍ക്കാരിനും അക്കാദമിക്കും അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള നിലപാടുകളും അഭിപ്രായ പ്രടനങ്ങളും പ്രസ്‌താവനകളുമാണ് ചെയര്‍മാന്‍ നിരന്തരം നടത്തുന്നത്. ഒന്നുകില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിക്കണം അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം എന്ന് മിനുട്‌സ് ആവശ്യപ്പെടുന്നു. ഈ മാസം 14 നു ചേര്‍ന്ന യോഗത്തിന്‍റെ മിനുട്‌സിന്‍റെ പകര്‍പ്പ് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രനും നല്‍കിയിട്ടുണ്ട്.
അക്കാദമിയിലെ ഭൂരിപക്ഷം അംഗങ്ങളും തനിക്കെതിരാണെന്നു കണ്ട് കഴിഞ്ഞ ദിവസം രഞ്ജിത് അനുനയമാര്‍ഗം സ്വീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ചലച്ചിത്ര അക്കാദമിയില്‍ സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും താന്‍ രാജിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രഞ്ജിത് കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. മാത്രമല്ല, കുക്കു പരമേശ്വരന്‍ തന്‍റെ അടുത്ത സുഹൃത്താണെന്നും അവരെ കൂടുതല്‍ ഉത്തരവാദിത്വത്തിലേക്ക് ഉയര്‍ത്തുകയാണെന്നും രഞ്‌ജിത് മാധ്യമങ്ങളോടു പറഞ്ഞു.
പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്ന മട്ടിലായിരുന്നു രഞ്ജിത്തിന്‍റെ അഭിപ്രായ പ്രകടനങ്ങള്‍. എന്നാല്‍ നിമിഷങ്ങള്‍ക്കകം രഞ്ജിത്തിനെ തള്ളി സമാന്തര യോഗം ചേര്‍ന്നവര്‍ രംഗത്തു വരികയും രഞ്ജിത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്‌തു. അതിനു പിന്നാലെയാണ ഇപ്പോള്‍ സിനിമ-സാസംസ്‌കാരിക മന്ത്രിക്ക് നല്‍കിയ സമാന്തര യോഗത്തിന്‍റെ മിനുട്‌സ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ രഞ്ജിത്തിന്‍റെ ഭാവി സര്‍ക്കാരിന്‍റെ കോര്‍ട്ടിലേക്ക് തട്ടിയിട്ടിരിക്കുകയാണ് അക്കാദമിയിലെ വിമത അംഗങ്ങള്‍.
Also Read:രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ