തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് ഭാഗികമായി മാത്രം പ്രവർത്തിച്ചിരുന്ന ചാല മാർക്കറ്റ് കർശന നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു. സിറ്റി പൊലീസ് കമ്മീഷണർ ബല്‍റാം കുമാർ ഉപാദ്ധ്യായ വ്യാപാരികളുമായി നടത്തിയ ചർച്ചയെ തുടർന്ന് നിയന്ത്രണങ്ങളോടെ എല്ലാ കടകളും തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ചാലയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക വഴികളും ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് വഴികൾ എല്ലാം പൊലീസ് അടച്ചു.
നിയന്ത്രണങ്ങൾ തുടരും: ചാല മാർക്കറ്റ് വീണ്ടും തുറന്നു - കിള്ളിപ്പാലം ജങ്‌ഷൻ
ചാല മാർക്കറ്റിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക വഴികൾ.
കിള്ളിപ്പാലം ജങ്‌ഷൻ, പവർ ഹൗസ് റോഡിലെ സഭാവതി തെരുവ്, അട്ടക്കുളങ്ങര റോഡിലെ കൊത്തുവാൾ തെരുവ് എന്നീ വഴികളിലൂടെ മാത്രമേ ചാലയിലേക്ക് പ്രവേശിക്കാൻ കഴിയൂ. കൊത്തുവാൾ തെരുവ് വഴിയും ഗാന്ധി പാർക്ക് റോഡുവഴിയും പുറത്തുകടക്കാം. മാർക്കറ്റിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. കടയുടമകൾ ഉൾപ്പെടെ വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യണം. വാഹനങ്ങൾ കടത്തിവിട്ടില്ലെങ്കിൽ ആരും കടകളിലേക്ക് വരില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
നിയന്ത്രണങ്ങളില്ലാതെ കഴിഞ്ഞയാഴ്‌ച കടകൾ തുറന്നപ്പോൾ വലിയ തിരക്കാണ് ചാലയിൽ ഉണ്ടായത്. തുടർന്ന് പൊലീസെത്തി കടകൾ അടപ്പിക്കുകയായിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമായിരുന്നു പിന്നീട് പ്രവർത്തിക്കാൻ അനുമതി. പിന്നാലെ വ്യാപാരികൾ കടകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത തേടി സിറ്റി പെലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു.