തിരുവനന്തപുരം :നാല് പതിറ്റാണ്ടുകൾക്ക് ശേഷം ചാല ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾ പഠിക്കാനെത്തി. 1982ലാണ് ഇത് ആൺകുട്ടികളുടെ മാത്രം സ്‌കൂൾ ആയത്. നാല് ദശാബ്‌ദത്തിന്‍റെ ഇടവേളയ്ക്ക് ശേഷമുള്ള ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ശാന്തകുമാരിയുമുണ്ടായിരുന്നു. 1975ൽ ഇതേ സ്‌കൂളിൽ നിന്ന് എസ്എസ്എൽസി പാസായ ശാന്തകുമാരി പെൺകുട്ടികൾക്ക് വീണ്ടും പ്രവേശനം നൽകിയതിൽ ഏറെ സന്തോഷിക്കുന്നു. ഇപ്പോൾ സ്‌കൂളിലെ അനധ്യാപക ജീവനക്കാരിയായ ശാന്തകുമാരി മിക്‌സഡ് സ്‌കൂൾ ആയിരുന്ന കാലം ഓര്‍ത്തെടുക്കുന്നു.
കൂട്ടുകാർക്കൊപ്പം പുതിയ അധ്യയനം ആരംഭിച്ചതിന്‍റെ ആവേശത്തിലാണ് വിദ്യാർഥികൾ. ഗേൾസ് സ്‌കൂളുകളിലും ബോയ്‌സ് സ്‌കൂളുകളിലുമായി പഠിച്ച വിദ്യാർഥികളാണ് ഇന്ന്(25.08.2022) മിക്‌സഡാക്കിയ ചാല സ്‌കൂളിലേക്കെത്തിയത്. അതിന്‍റെ പരിഭവമോ ആശങ്കകളോ വിദ്യാർഥികൾക്കില്ല. പുതിയ കൂട്ടുകാരെ ലഭിച്ചതിന്‍റെ സന്തോഷം ആ കണ്ണുകളിൽ പ്രകടമാണ്. കൂട്ടുകാർക്കൊപ്പം ഒരേ മനസോടെ പഠിച്ചുമുന്നേറാമെന്നാണ് ഇവർ പറയുന്നത്.