തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദ കടമെടുപ്പിൽ സംസ്ഥാനത്തിന് കേന്ദ്രത്തിന്‍റെ കടുംവെട്ട് (Kerala Economic Crisis). 5,600 കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. കേരളം 7437.61 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ 1,838 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത് (central cuts Kerala borrowing limit). ഏപ്രിൽ 1 മുതൽ ഡിസംബർ വരെയുള്ള മൂന്ന് പാദങ്ങളുടെ തുക ഒരുമിച്ചും മാർച്ച് വരെയുള്ള തുക പിന്നീടും എന്ന രീതിയിലാണ് കേന്ദ്രം കടമെടുപ്പ് അനുവദിക്കുന്നത്.
കേന്ദ്രത്തിൽ നിന്നുള്ള കടമെടുപ്പ് പരിധി 45,689.61 കോടി രൂപയാണ് (Kerala borrowing limit). ഡിസംബർ വരെ 23,852 രൂപ സമാഹരിക്കാൻ കേരളത്തിന് അനുമതിയുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ വൻ തുകയാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. നിലവിൽ കേരളത്തിൽ അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയാണ്.
മുൻ വർഷങ്ങളിലെ തുക പരിഗണിക്കരുതെന്ന കേരളത്തിന്‍റെ നിവേദനം പോലും കേന്ദ്രം പരിഗണിച്ചതുമില്ല. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഞെരുക്കത്തിന് ആക്കം കൂട്ടും.
അതിക്രൂര മനോഭാവത്തോടെയാണ് കേന്ദ്രം (Central Government) സംസ്ഥാനത്തോട് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനമെന്ന നിലയില്‍ നല്ല പ്രകടനമാണ് കേരളം കാഴ്‌ചവയ്ക്കുന്നതെന്നും അത് വച്ച് നോക്കിയാല്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ട സാഹചര്യമില്ല. എന്നാല്‍, കേരളത്തെ ഒരു തരത്തിലും മുന്നോട്ട് പോകാന്‍ അനുവദിക്കില്ല എന്ന വാശിയോടെയാണ് കേന്ദ്രത്തിന്‍റെ പെരുമാറ്റമെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.