തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ ദേശീയപാതാ വികസനത്തിന് പ്രഖ്യാപിച്ച 65000 കോടിയില്‍ ആശയക്കുഴപ്പവുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. നിലവില്‍ നടന്നുവരുന്ന ദേശീയപാതാ വികസനത്തില്‍ പോലും മെല്ലെപ്പോക്ക് നയം പിന്തുടരുന്ന കേന്ദ്രത്തിന്‍റെ പുതിയ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതെന്നാണ് പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വിശദീകരണം. 65000 കോടി രൂപ സംബന്ധിച്ച കണക്കുകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതെന്നും ആക്ഷേപമുണ്ട്.
കേന്ദ്ര ബജറ്റ്; ദേശീയപാതാ വികസനത്തിന് പ്രഖ്യാപിച്ച തുകയിൽ ആശയക്കുഴപ്പവുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്
65000 കോടി രൂപ സംബന്ധിച്ച കണക്കുകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതെന്നും ആക്ഷേപമുണ്ട്.
മഞ്ചേശ്വരം മുതല്‍ പാറശാല വരെ നീളുന്ന കേരളത്തിലെ ദേശീയപാത 66 വികസനം പലയിടങ്ങളിലും നിര്‍ജീവമാണ്. 44000 കോടിരൂപയുടെ ദേശീയപാത വികസന പദ്ധതി കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചെങ്കിലും 2000 കോടിയോളം മാത്രമാണ് ഇതുവരെ ചെലവഴിക്കപ്പെട്ടത്. ഇതില്‍ 25 ശതമാനം സംസ്ഥാനത്തിന്‍റെ കൂടി വിഹിതമാണ്. ഫ്‌ളൈ ഓവറുകളുടെ നിര്‍മാണമാണ് നിലവില്‍ നടന്നുവരുന്നത്.
ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ആറുവരി പാതാ വികസനമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ പുതിയതായി സ്ഥലമേറ്റെടുത്ത് ഇടനാഴി നിര്‍മ്മിക്കുക കേരളത്തില്‍ അപ്രായോഗികമെന്നാണ് കണക്കുകൂട്ടല്‍. ബജറ്റില്‍ പരാമര്‍ശിച്ച മുംബൈ-കന്യുകുമാരി ദേശീയപാത നിലവിലെ കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത 66 തന്നെയാണ്. 65000 കോടി എന്ന കേന്ദ്ര പ്രഖ്യാപനം ഇതുവരെ കേരളത്തില്‍ നടത്തിയതും ഇനി നടക്കാനിരിക്കുന്നതുമായ പദ്ധതിയുടെ ആകെ തുകയാണെന്നാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ വിലയിരുത്തല്‍.