കേരള സ്‌ട്രൈക്കേഴ്‌സ് മുബൈ ഹീറോസ് മത്സരത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ തിരുവനന്തപുരം:സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന് (സിസിഎൽ) ആദ്യമായി തിരുവനന്തപുരം വേദിയാകുന്നു. കേരള സ്‌ട്രൈക്കേഴ്‌സും മുബൈ ഹീറോസും തമ്മിലുള്ള മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാകുന്നത്. ഞായറാഴ്‌ച (05-3-2023) വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം.
പ്രവേശനം സൗജന്യമാണ്. സ്റ്റേഡിയത്തിന് മുന്നിലെ കൗണ്ടര്‍, ലുലുമാൾ എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ ആരാധകര്‍ക്ക് സ്വന്തമാക്കാം. കേരള സ്‌ട്രൈക്കേഴ്‌സിന്‍റെ മൂന്നാമത്തെ മത്സരവും ആദ്യ ഹോം മത്സരവുമാണ് നാളെ നടക്കുന്നത്.
ജയ്‌പൂര്‍,റായ്‌പൂര്‍ എന്നിവിടങ്ങളിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കേരള സ്‌ട്രൈക്കേഴ്‌സിന് നാളത്തെ മത്സരം നിര്‍ണായകമാണ്. 20 ഓവറാണെങ്കിലും പതിവ് രീതിയിലല്ല മത്സരം നടക്കുന്നത്. 10 ഓവര്‍ 10 ഓവര്‍ എന്ന രീതിയില്‍ രണ്ട് ഇന്നിങ്ങ്‌സുകളിൽ ടെസ്റ്റ് രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന താരങ്ങള്‍ വേഗത്തില്‍ ഔട്ടായാലും രണ്ടാം ഇന്നിങ്ങ്‌സിലും ആരാധകര്‍ക്ക് അവരെ കാണാന്‍ കഴിയും എന്നതാണ് ഇതിലൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഓരോ ഇന്നിങ്ങ്‌സിലും ആദ്യ 3 ഓവര്‍ പവര്‍ പ്ലേയായിരിക്കും.
പ്ലേയേഴ്‌സിനെ എ, ബി എന്നീ രണ്ട് കാറ്റഗറികളിലായാണ് തരംതിരിച്ചിട്ടുള്ളത്. പ്രമുഖ നായക നടൻമാർ, കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചവര്‍ എന്നിങ്ങനെയാണ് എ കാറ്റഗറിയിലെ താരങ്ങളെ നിശ്ചയിക്കുന്നത്. പ്ലയിങ് ഇലവനില്‍ 7 എ കാറ്റഗറി താരങ്ങളെയെങ്കിലും ഉറപ്പായും ഉള്‍പ്പെടുത്തണം.
കഠിന പരിശീലനം:രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട കേരള സ്‌ട്രേക്കഴ്‌സ് കാര്യവട്ടത്ത് കഠിനമായ പരിശീനത്തിലാണ്. ടീം ക്യാപ്റ്റനായ കുഞ്ചാക്കോ ബോബന്‍റെ നേതൃത്വത്തിലാണ് പരിശീലനം. കേരള രഞ്ജി താരമായ സച്ചിന്‍ ബേബിയാണ് ടീമിന്‍റെ മെന്‍റര്‍. സച്ചിന്‍ ബേബിയുടെ മേല്‍നോട്ടത്തിലാണ് പരിശീലനം നടക്കുന്നത്.
രഞ്ജി താരങ്ങളെയടക്കം ഉള്‍പ്പെടുത്തിയ ടീമുമായി പരിശീലന മത്സരവും കേരള സ്‌ട്രൈക്കേഴ്‌സ് സംഘടിപ്പിച്ചു. ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനത്തിനുള്ള ശ്രമമാണ് ടീം നടത്തുന്നത്. ആദ്യ മത്സരങ്ങളില്‍ എ കാറ്റഗറി താരങ്ങളുടെ സേവനം ടീമിന് ലഭിച്ചിരുന്നില്ല. ദൂരെയുള്ള മൈതാനങ്ങളിൽ മത്സരമായതിനാലാണിത്.
എന്നാല്‍ മത്സരം തിരുവനന്തപുരത്ത് എത്തുന്നതോടെ ഇതില്‍ മാറ്റമുണ്ടാകും. പ്രമുഖരെല്ലാം ടീമിനൊപ്പമെത്തിയത് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. രാത്രി 7നാണ് മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ഞും കളിയെ ബാധിക്കുന്ന ഒരു ഘടകമാണ്. നിലവില്‍ പോയിന്‍റ് ടേബിളില്‍ അവസാന സ്ഥാനത്താണ് കേരള സ്‌ട്രൈക്കേഴ്‌സ്.
ജയിച്ചേ തീരൂ:നാളെ നടക്കുന്ന മത്സരം കേരള സ്‌ട്രൈക്കേഴ്‌സിനെ സംബന്ധിച്ചത്തിടത്തോളം ജയിച്ചേ തീരൂ എന്ന നിലയില്‍ നിര്‍ണായകമാണെന്ന് നായകൻ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. രണ്ട് കളികളിലും പരാജയപ്പെടുമ്പോള്‍ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം ഉണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്.
വിജയ വഴിയില്‍ എത്താനുള്ള തീവ്രശ്രമമാണ് ടീം നടത്തുന്നത്. വെടിക്കെട്ട് മത്സരത്തിനുള്ള തയാറെടുപ്പാണ് നടക്കുന്നത്. ഒറ്റ സിക്‌സില്‍ ഹീറോയും പുറത്താകലില്‍ സീറോയുമാകുന്ന ഗെയിമാണ് ക്രിക്കറ്റ്. അതിനോടുള്ള ഇഷ്‌ടം കൊണ്ടാണ് സിസിഎല്ലില്‍ എത്തിയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
സിസിഎല്‍ വലിയ അവസരമാണ് നല്‍കുന്നത്. മറ്റ് ഭാഷകളിലെ പ്രമുഖ നടന്‍മാരെ കാണാന്‍ കഴിയുന്നുണ്ട്. അവരോട് ക്രിക്കറ്റും സിനിമയും സംസാരിക്കാനും കഴിയുന്നുണ്ട്. ഇത് വലിയ ഒരു അവസരമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മോഹന്‍ലാല്‍ കോ-ഓണർ, അമ്മയുമായി പ്രശ്‌നമില്ല:സി3 കേരള സ്‌ട്രൈക്കേഴ്‌സിന്‍റെ കോ-ഓണര്‍ മോഹന്‍ലാലാണെന്നും തിരക്കുകള്‍ കാരണമാണ് അദ്ദേഹം അംബാസഡര്‍ സ്ഥാനത്തു നിന്നും മാറിയതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. നേരത്തെ അമ്മയുമായി ടീമിന് കരാറുണ്ടായിരുന്നു. എന്നാല്‍ 2019 ഓടെ ഈ കരാര്‍ അവസാനിച്ചു.
അല്ലാതെ സി 3 ക്ലബ് ടീമിനെ സ്വന്താക്കിയെന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ ശരിയല്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എല്ലാ കാര്യവും സീരിയസായി കാണേണ്ടതില്ല. അമ്മയിലെ അംഗങ്ങളായ താരങ്ങള്‍ തന്നെയാണ് ടീമിനായി കളിക്കുന്നത്. ക്രിക്കറ്റ് ആസ്വദിക്കുകയാണ് വേണ്ടതെന്നും ക്യാപറ്റന്‍ വ്യക്തമാക്കി.
ടീം ഇങ്ങനെ:കുഞ്ചാക്കോ ബോബന്‍ (ക്യാപ്റ്റന്‍) ഉണ്ണി മുകുന്ദന്‍,ആസിഫലി, ഇന്ദ്രജിത്ത്, രാജീവ് പിള്ള, അര്‍ജ്ജുന്‍ നന്ദകുമാര്‍, മണികുട്ടന്‍, വിജയ് യേശുദാസ്, ഷഫീക്ക് റഹ്മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, വിനു മോഹന്‍, നിഖിന്‍ കെ മോഹന്‍, പ്രജോദ് കലാഭവന്‍, ആന്‍റണി പെപ്പേ, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്‌സാണ്ടര്‍.