തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം നമ്പി നാരായണനില്‍ നിന്നും മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് മൊഴിയെടുക്കൽ. ചൊവ്വാഴ്ച മൊഴി രേഖപ്പെടുത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഡൽഹി സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യേഗസ്ഥർ ഉൾപ്പടെ 18 പേരെ പ്രതിചേർത്ത് നേരത്തെ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. ഇവരെയും വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യും. ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ഡല്‍ഹി സ്പെഷ്യല്‍ ക്രൈം യൂണിറ്റിലെ ഡിഐജിയായ ചാല്‍ക്കെ സന്തോഷിന്‍റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അരുണ്‍റാവത്തും ആറ് ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിക്കുന്നത്. നമ്പിനാരായണന്‍റെ മൊഴിയെടുത്താവും അന്വേഷണമാരംഭിക്കുക. പ്രതികള്‍ക്കെല്ലാം ഉടന്‍ നോട്ടീസയയ്ക്കുമെന്ന് സിബിഐ അറിയിച്ചു. രണ്ട് ഡിജിപിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. 27 വര്‍ഷം മുമ്പുള്ള ഗൂഢാലോചനയാണ് സിബിഐയ്ക്ക് തെളിയിക്കേണ്ടത്.
Also Read: ഐ.എസ്.ആർ.ഒ ചാരക്കേസ് : ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് പ്രതികൾ
ചാരക്കേസ് കെട്ടിച്ചമച്ചതിനുള്ള കാരണവും കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.