തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടത്തിയ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രി മൂടിവെയ്ക്കാൻ ശ്രമിക്കുകയാണ്. അന്വേഷണം നീളും എന്നതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം മാറ്റുന്നത്.
സിഎജി റിപ്പോർട്ടിലെ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ - തിരുവനന്തപുരം
മാർച്ച് ഏഴിന് കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
സിഎജി വിഷയം ഉന്നയിച്ച് സംസ്ഥാനത്ത് സമര പരമ്പര സൃഷ്‌ടിക്കും. മാർച്ച് ഏഴിന് കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കും. സംസ്ഥാന ബജറ്റിനെതിരെ ഫെബ്രുവരി 27ന് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസിലും ധർണ നടത്തും. ലോക കേരളസഭ സർക്കാർ ധൂർത്തിന്‍റെ തെളിവാണ്. ഇതിനായി പണം ചെലവാക്കിയതിനെ നികുതിദായകർക്ക് നേരെയുള്ള അനീതിയായാണ് കാണാൻ കഴിയുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്നും മുല്ലപ്പള്ളി ആരോപിച്ചു.
സിഎഎ പ്രതിഷേധത്തിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൃപ്‌തിപ്പെടുത്താനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഐക്യത്തോടെ മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനമെന്നും മാർച്ച് എട്ടിന് വീണ്ടും രാഷ്‌ട്രീയ കാര്യസമിതി യോഗം ചേരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ആശയ വിനിമയത്തിലെ പാളിച്ച കൊണ്ടാണ് ജുഡീഷ്യൽ അന്വേഷണമെന്നും സിബിഐ അന്വേഷണമെന്നും രണ്ട് അഭിപ്രായം വന്നത്. വിവാദമുണ്ടായ സമയത്ത് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൾഫ് നാടുകളിൽ പര്യടനത്തിലായിരുന്നതിനാൽ അദ്ദേഹവുമായി സംസാരിക്കാനായില്ല. അതുകൊണ്ടാണ് അഭിപ്രായങ്ങളിൽ വ്യത്യാസമുണ്ടായതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.