തിരുവനന്തപുരം :ഹൈക്കോടതി ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്.സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
അഴിമതി നിരോധന നിയമത്തിലെ 7(1), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രത്യേകമായി നിയമിച്ച സംഘമാണ് അന്വേഷണം നടത്തുക. ജസ്റ്റിസുമാരായ സിയാദ് റഹ്മാൻ, മുഹമ്മദ് മുഷ്‌താഖ്, പി.വി.കുഞ്ഞികൃഷ്‌ണന്‍ എന്നിവരുടെ പേരിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ കൈക്കൂലി കൈപ്പറ്റിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.