തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. രാവിലെ എട്ടരയോടെയാണ് സംഭവം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ യാത്രികൻ അത്‌ഭുതകരമായി രക്ഷപ്പെട്ടു.
അപകടം നടക്കുമ്പോൾ കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. വെഞ്ഞാറമൂട് സ്വദേശിയുടെ വാഹനമാണ് തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചത്. ആറ്റിങ്ങലിലുള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകവേയാണ് അപകടമുണ്ടായത്. വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
യാത്രികന്‍റെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. ഇന്നലെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് അടുത്ത സംഭവം. കുറ്റ്യാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (34), ഭാര്യ റിഷ(26) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തി.
also read:കണ്ണൂരില്‍ ഓടുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു
കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നും ഷോർട്ട് സർക്യൂട്ട് വഴിയുണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തൽ. ജെസിബി ഡ്രൈവർ കൂടി ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്‍റെ അടിയിൽ വച്ചിരുന്നു. കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാൻ കാരണമിതാണ്. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്‍റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടർന്നതിനാൽ ലോക്കിങ്ങ് സിസ്റ്റവും പ്രവർത്തനരഹിതമായെന്നും അന്വേഷണസംഘം വ്യക്തമാക്കി.