തിരുവനന്തപുരം:മന്ത്രിതല ചർച്ചയിൽ ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ. നാളെ മന്ത്രി എ .കെ ബാലനുമായി നടത്തുന്ന ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് എൽജിഎസ് റാങ്ക് ഹോൾഡർമാർ വ്യക്തമാക്കി. സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗാർഥികളും പ്രതീക്ഷയിലാണ്. മാർച്ച് രണ്ടിന് കോടതി കേസ് പരിഗണിക്കുമ്പോൾ സർക്കാർ അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഒ റാങ്ക് ഹോൾഡർമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിൽ ആശങ്കയില്ലെന്ന് എൽജിഎസ് റാങ്ക് ഹോൾഡർമാരുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. കോടതി വിധിയുള്ളതിനാൽ അനുകൂലമായ നിലപാട് എടുക്കാൻ സർക്കാരിന് തടസമില്ല എന്നാണ് തങ്ങൾക്ക് ലഭിച്ച നിയമോപദേശം.
മന്ത്രിതല ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ - Candidates say strike will continue
മാർച്ച് രണ്ടിന് കോടതി കേസ് പരിഗണിക്കുമ്പോൾ സർക്കാർ അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
എല്ലാ നിയമവശങ്ങളും പരിശോധിച്ചിട്ടാകും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും ലയ രാജേഷ് കൂട്ടിച്ചേർത്തു. കോടതിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ചർച്ചയിൽ മുന്നോട്ടു വയ്ക്കുമെന്ന് സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രതിനിധി ശ്രീകുമാർ ജഗദീഷ് വ്യക്തമാക്കി. തങ്ങളുടെ പിഴവു കൊണ്ടല്ല റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടക്കാത്തതെന്ന് സർക്കാരിന് അറിവുള്ളതാണ്. ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ട്. നിലവിലുള്ള പൊലീസ് റാങ്ക് പട്ടികയിൽ നിന്ന് മതിയായ നിയമനം നടത്തിയതായുള്ള സർക്കാരിന്‍റെ കണക്കുകൾ തെറ്റാണെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.