താള, വാദ്യ മേളങ്ങളുടെയെല്ലാം അകമ്പടിയോടെ ആവേശ കൊടുമുടി കയറിയാണ് അഞ്ച് മണ്ഡലങ്ങളിലെയും പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയത്. ആർപ്പ് വിളികളും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർക്കൊപ്പം നേതാക്കളും അണിനിരന്നതോടെ പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസം മണ്ഡലങ്ങളിലെല്ലാം അവേശം അലതല്ലി. ഒരു ദിവസത്തെ നിശബ്‌ദ പ്രചാരണത്തിന് ശേഷം തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
വൈകിട്ട് മൂന്ന് മണിയോടെയാണ് വട്ടിയൂർക്കാവിൽ കൊട്ടിക്കലാശം ആരംഭിച്ചത്. പ്രവര്‍ത്തകരുടെ ആവേശം ഉയര്‍ത്തി ആദ്യം എത്തിയത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്താണ്. റോഡ് ഷോയായി യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍ എത്തിയതോടെ യുഡിഎഫ് ക്യാമ്പും ആവേശത്തിലായി. ശശി തരൂര്‍ എം.പി, നടന്‍ ജഗദീഷ് തുടങ്ങിയവരും സ്ഥാനാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. കുമ്മനം രാജശേഖരന് ഒപ്പം പ്രകടനമായാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ്.സുരേഷ് എത്തിയത്.
മൂന്ന് മുന്നണികൾക്കും വ്യത്യസ്ഥ കേന്ദ്രങ്ങളിലായിരുന്നു എറണാകുളം മണ്ഡലത്തിലെ കലാശക്കൊട്ട്. ഇടതു സ്വതന്ത്ര സ്ഥാനാർഥി മനുറോയിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണം കലൂരിൽ അവസാനിച്ചപ്പോള്‍, എറണാകുളം നോർത്തിലായിരുന്നു യുഡിഎഫ് പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനം. എറണാകുളം സൗത്തിലാണ് എൻഡിഎ യുടെ പരസ്യ പ്രചാരണം സമാപിച്ചത്.
ശക്തമായ മഴയെ അവഗണിച്ചാണ് കോന്നിയിൽ ആവേശം കൊട്ടിക്കലാശിച്ചത്. നാല് മണിയോടെ കോന്നി സെൻട്രൽ ജങ്ഷനില്‍ ആരംഭിച്ച കൊട്ടിക്കലാശത്തിൽ റോഡ് ഷോ ആയാണ് മൂന്ന് സ്ഥാനാർഥികളും എത്തിയത്. എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിനൊപ്പം മന്ത്രി എം.എം മണിയും എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനോടൊപ്പം കേന്ദ്ര മന്ത്രി വി.മുരളീധരനും എത്തി.
ആവേശക്കൊടുമുടിയില്‍ കൊട്ടിക്കലാശം: പരസ്യ പ്രചാരണത്തിന് സമാപനം വ്യത്യസ്ഥ സ്ഥലങ്ങളിലായിരുന്നു ആലപ്പുഴയിലും കൊട്ടിക്കലാശം. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു സി. പുളിക്കലിന്‍റെ പരസ്യ പ്രചാരണം അരൂർ ക്ഷേത്രത്തിന് സമീപവും യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാന്‍റെയും എൻഡിഎ സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബുവിന്‍റെയും പരസ്യ പ്രചാരണം തുറവൂർ ക്ഷേത്രത്തിന് സമീപവുമാണ് കൊട്ടിക്കലാശിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നതോടെ അരൂരിലും അവസാന ദിവസം ആവേശത്തിന്‍റേതായി.
കുമ്പള, ഉപ്പള, ഹൊസങ്കടി, പെർള എന്നിവിടങ്ങളിലാണ് കാസർകോട് മണ്ഡലത്തിലെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചത്. മുന്നണി സ്ഥാനാർഥികളെല്ലാം കുമ്പളയിൽ കേന്ദ്രീകരിച്ചു. റോഡ് ഷോകളോടെയാണ് സ്ഥാനാർഥികളും പ്രവർത്തകരും കലാശക്കൊട്ടിനെത്തിയത്. സ്ഥാനാർത്ഥികൾക്കൊപ്പം പ്രധാന നേതാക്കളെയും മുന്നണികൾ അണിനിരത്തിയതോടെ ആവേശം കൊടുമുടിയേറിയാണ് മണ്ഡലത്തിലെ പരസ്യപ്രചാരണത്തിന് സമാപനമായത്.