കേരളം

kerala

ETV Bharat / state

'കചടതപ': കലിഗ്രഫി ആര്‍ട്ട് ഗാലറിയുമായി നാരായണ ഭട്ടതിരി തിരുവനന്തപുരത്ത് - narayana bhattathiri calligraphy art gallery

ഭട്ടതിരിയുടെ നാലായിരത്തോളം മലയാളം കലിഗ്രഫികളുടെ സ്ഥിരപ്രദർശനമാണ് കേരളത്തിലെ ആദ്യ കലിഗ്രഫി ആര്‍ട്ട് ഗാലറി ആയ തിരുവനന്തപുരം 'കചടതപ'യില്‍ ഉള്ളത്.

കേരളത്തിലെ ആദ്യ കലിഗ്രഫി ആര്‍ട്ട് ഗാലറി
നാരായണ ഭട്ടതിരിയുടെ 'കചടതപ' ആര്‍ട്ട് ഗാലറി തിരുവനന്തപുരത്ത്

By

Published : Aug 7, 2022, 7:13 PM IST

തിരുവനന്തപുരം:കൈപ്പടയുടെ സൗന്ദര്യാത്മക വികാസത്തിൻ്റെ പ്രചാരണം ലക്ഷ്യമിട്ട് സംസ്ഥാനത്താദ്യമായി കലിഗ്രഫി ആർട്ട് ഗാലറി തലസ്ഥാനത്ത്. മലയാളത്തിലെ പ്രമുഖ കലിഗ്രഫിക് ആർട്ടിസ്റ്റായ നാരായണ ഭട്ടതിരിയാണ് തിരുവനന്തപുരം വഴുതക്കാട് 'കചടതപ' എന്ന പേരിൽ പൂർണമായും മലയാളം കലിഗ്രഫിക്കായുള്ള ആർട്ട് ഗ്യാലറി ആരംഭിച്ചത്. ഭട്ടതിരിയുടെ നാലായിരത്തോളം മലയാളം കലിഗ്രഫികളുടെ സ്ഥിരപ്രദർശനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കേരളത്തിലെ ആദ്യ കലിഗ്രഫി ആര്‍ട്ട് ഗാലറി

അക്ഷരത്തോടുള്ള ഇഷ്‌ടവും അഭിനിവേശവും കൊണ്ട് കഴിഞ്ഞ 40 വർഷത്തിലേറെയായി കലിഗ്രഫി ചെയ്‌തുവരുന്ന കലാകാരനാണ് നാരായണ ഭട്ടതിരി. അക്ഷര പ്രേമികളെ എന്താണ് കലിഗ്രഫിയെന്ന് മനസിലാക്കുക, ഈ മേഖലയിലേക്ക് കലാകാരന്മാരെ ആകർഷിക്കുക തുടങ്ങിയവയാണ് കലിഗ്രഫി ആർട്ട് ഗ്യാലറിയിലൂടെ ഇദ്ദേഹം ലക്ഷ്യമിടുന്നത്. കലിഗ്രഫി കലാകാരന്മാർക്കും ചിത്രകാരന്മാർക്കും പ്രദർശനം നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സുന്ദരമായ കൈപ്പട എന്നാണ് കലിഗ്രഫിയുടെ അർത്ഥമെങ്കിലും അക്ഷരങ്ങൾ കൊണ്ടുള്ള കലാരൂപമായാണ് കലിഗ്രഫി വളർന്നുവരുന്നതെന്ന് നാരായണ ഭട്ടതിരി പറയുന്നു. മലയാളത്തിൽ കലിഗ്രഫിക്ക് വലിയ പ്രചാരമില്ലെങ്കിലും ഹിന്ദി, മറാത്തി, ദേവനാഗിരി ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഇതരഭാഷകളിൽ കലിഗ്രഫിക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ആ പ്രാധാന്യം മലയാളം കലിഗ്രഫിക്കും ലഭിക്കണമെന്നതാണ് നാരായണ ഭട്ടതിരിയുടെ ആഗ്രഹം.

എട്ട് വർഷം മുൻപ്‌ നാരായണ ഭട്ടതിരി തിരുവനന്തപുരം സൂര്യകാന്തി ഓഡിറ്റോറിയത്തിൽ കലിഗ്രഫി പ്രദർശനം നടത്തിയിരുന്നു. തുടർന്ന് മലയാളം കലിഗ്രഫിയിൽ ജനങ്ങളുടെ താത്പര്യം മനസിലാക്കി ധാരാളം വർക്ക്ഷോപ്പുകളും എക്‌സിബിഷനുകളും നടത്തി. അതിൻ്റെ തുടർച്ചയായാണ് 'കചടതപ' എന്ന പേരിൽ ഭട്ടതിരി ആർട്ട് ഗാലറി ആരംഭിച്ചത്.

ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. എന്ന് നിൻ്റെ മൊയ്തീൻ, നിഴൽ തുടങ്ങി നിരവധി ചിത്രങ്ങൾക്കും ഭട്ടതിരി കലിഗ്രഫിയിൽ ടൈറ്റിൽ തയാറാക്കിയിട്ടുണ്ട്. കലിഗ്രഫി മേഖലയിൽ നിതാന്തമായി പല പരീക്ഷണങ്ങളും നടത്തുന്ന കലാകാരനാണ് ഭട്ടതിരി. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജിൽ നിന്ന് ചിത്രകലയിൽ പഠനം പൂർത്തിയാക്കിയ ഭട്ടതിരി കഴിഞ്ഞ 40 വർഷമായി നിരവധി വാരികകളിലും മറ്റുമായി അനേകതരത്തിലുള്ള വ്യത്യസ്‌തമായ മലയാളം ടൈറ്റിലുകൾ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details