തിരുവനന്തപുരം:നിയമസഭയിൽ വയ്ക്കുന്നതിനു മുൻപേ സി.എ.ജി റിപ്പോർട്ട് ചോർന്നതിനെ കുറിച്ച് പരിശോധിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. റിപ്പോർട്ട് ചോർന്നതിൽ ഗൂഡാലോചനയുണ്ട്. റിപ്പോർട്ട് പുറത്തു പോകാതിരിക്കാനുള്ള ഉത്തരവാദിത്വം സി.എ.ജിയ്ക്ക് ഉണ്ടെന്നും പരിശോധന വ്യവസ്ഥാപിതമായ രീതിയിൽ തന്നെ നടക്കുമെന്നും എ. വിജയരാഘവൻ പറഞ്ഞു.എന്നാല്‍ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സി.എ.ജി റിപ്പോർട്ട് ഇടതു മുന്നണി യോഗം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എ.ജി റിപ്പോർട്ട് ചോർച്ച അന്വേഷിക്കണം: എ. വിജയരാഘവൻ കുട്ടനാട് സീറ്റ് എൻ.സി.പിക്ക് തന്നെ നൽകാനും യോഗം തീരുമാനിച്ചു. സ്ഥാനാർഥിയെ തീരുമാനിക്കാൻ എൻ.സി.പിക്ക് മുന്നണി നിർദേശം നൽകി. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കാനാണ് സി.പിഎമ്മിന് താൽപര്യം. ശശീന്ദ്രൻ വിഭാഗത്തിന്‍റെ എതിർപ്പുകളെ അവഗണിച്ച് തോമസ് കെ.തോമസിനെ സ്ഥാനാർഥിയാക്കാൻ എൻ.സി.പി യിലും ധാരണയായതായാണ് സൂചന.
വെള്ളക്കരം ഉയർത്തണമെന്ന ജലവകുപ്പിന്‍റെ ശുപാർശ യോഗം തള്ളി. വെളളക്കരം കൂട്ടിയില്ലെങ്കില്‍ അതോറിറ്റി ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാത്തത്ര പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് 30 ശതമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശ ജല വകുപ്പ് മുന്നോട്ടു വച്ചത്. എന്നാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരക്ക് വർധിപ്പിക്കുന്നത് ജനവികാരം എതിരാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പിന്‍റെ ശുപാർശ അംഗീകരിക്കേണ്ടെന്ന് യോഗത്തിൽ ധാരണയായി. ഡൽഹിയിൽ കെജരിവാൾ വെള്ളം സൗജന്യമായി നൽകുമ്പോൾ ഇവിടെ വെള്ളക്കരം കൂട്ടുന്നത് നല്ല സന്ദേശം നൽകില്ലെന്ന് സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ നിരക്ക് വർധിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയും യോഗത്തിൽ നിലപാടെടുത്തു.
പൗരത്വ നിയമഭേദഗതിക്കെതിരായ രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടികൾ മാർച്ച് 10 മുതൽ ആരംഭിക്കാനും തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്ക വാർഡുകൾ കേന്ദ്രീകരിച്ച് രണ്ട് ഘട്ടമായാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.