തിരുവനന്തപുരം : പദ്ധതി നിർവഹണത്തിൽ വീഴ്‌ച വരുത്തിയതിലൂടെ തിരുവനന്തപുരം നഗരസഭയ്‌ക്ക് അരക്കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട്. നിയമസഭയിൽ വച്ച റിപ്പോര്‍ട്ടിലാണ് രണ്ട് പദ്ധതികൾ മൂലം നഗരസഭയ്‌ക്ക് 54.27 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സിഎജി വ്യക്തമാക്കിയത്.
Also Read:രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്
നഗരസഭയുടെ ഉടമസ്ഥതയില്‍ നിര്‍മിച്ച വിളപ്പില്‍ശാല ഖരമാലിന്യ പ്ലാന്‍റിലെ പാറ ഖനനവും ഇത് സംരക്ഷിക്കുന്നതിലെ വീഴ്ചയും മൂലം 31.02 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തി. പ്ലാന്‍റ് നിര്‍മാണത്തിനായി പൊട്ടിച്ച പാറയുടെ കണക്കുകള്‍ പബ്ലിക്ക് ഹെല്‍ത്ത് എഞ്ചിനീയര്‍ കൃത്യമായി രേഖപ്പെടുത്തിയില്ല. 2014ലെ കണക്കുകൾ മാത്രമാണ് ഉള്ളത്. കൂടാതെ കരാറില്‍ പറഞ്ഞിരിക്കുന്നതിലും അധികം സ്ഥലത്ത് ഖനനം നടത്തുകയും ചെയ്തു. പൊട്ടിച്ചെടുത്ത പാറ പിന്നീട് കാണാതാവുകയായിരുന്നു. പക്ഷെ പാറ വിറ്റിട്ടില്ലെന്നാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം. എന്നാല്‍ പാറ എവിടെപ്പോയി എന്നതിനെ സംബന്ധിച്ച് ഒരറിവും ഇല്ലെന്നും സെക്രട്ടറി സിഎജിക്ക് വിശദീകരണം നല്‍കി. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് 2019ല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Also Read:ലക്ഷദ്വീപില്‍ കലക്‌ടറുടെ കോലം കത്തിച്ച സംഭവം; പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി
പാളയം കണ്ണിമാറ മാര്‍ക്കറ്റിലെ മത്സ്യച്ചന്ത നിര്‍മാണവുമായി ബന്ധപ്പെട്ടാണ് മറ്റൊരു ക്രമക്കേട്. കൃത്യമായ ആസൂത്രണമില്ലാതെ നടത്തിയ നിർമാണത്തിലൂടെ പദ്ധതി ഉപയോഗ ശൂന്യമായി. ഇതുമൂലം 23.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മത്സ്യവ്യാപാരികള്‍ക്ക് ഇരിപ്പിട സൗകര്യമടക്കം ഒരുക്കാതെയുള്ള നിര്‍മാണമാണ് നടന്നിരിക്കുന്നത്. കൂടാതെ നടക്കാത്ത നിര്‍മാണ പ്രവര്‍ത്തനത്തിനും കരാറുകാരന്‍ പണം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ തുക പിന്നീട് തിരിച്ചുപിടിച്ചെങ്കിലും പദ്ധതി ഇപ്പോഴും ഉപയോഗശൂന്യമാണ്.