തിരുവനന്തപുരം: ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും നാളെ മുതൽ പ്രവാസികൾ രാജ്യത്തേക്ക് എത്തിതുടങ്ങും. നാളെ കേരളത്തിലേക്ക് നാല് വിമാനങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം ഈ വിഷയം പ്രത്യേകം ചർച്ച ചെയ്യുന്നത്. പ്രവാസികളുടെ മടങ്ങി വരവിനായുള്ള ഒരുക്കങ്ങൾ യോഗം വിശദമായി പരിശോധിക്കും. പോരായ്‌മകൾ ഉണ്ടെങ്കിൽ ഉടൻ പരിഹാരം കാണാനാണ് ശ്രമം.
രോഗം ഉള്ളവർക്കുള്ള ഐസൊലേഷൻ വാർഡുകളും രോഗലക്ഷണങ്ങളെ പാർപ്പിക്കാനുള്ള നിരീക്ഷണ കേന്ദ്രങ്ങളും ഒരുക്കി കഴിഞ്ഞു. ഇത് പര്യാപ്‌തമാണോ എന്നാണ് പ്രധാനമായും പരിശോധിക്കുക. രോഗലക്ഷണങ്ങൾ ഇല്ലാതെ വീടുകളിലേക്ക് പോകുന്നവരെ കർശനമായ നിരീക്ഷണത്തിൽ വയ്ക്കുന്നത് സംബന്ധിച്ചും വിവിധ വകുപ്പുകൾക്ക് നിർദേശങ്ങൾ നൽകും. കൊവിഡ് 19 പരിശോധനയില്ലാതെ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിൽ സംസ്ഥാനം കേന്ദ്രത്തെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഒരിക്കൽ കൂടി കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്താനാണ് സർക്കാർ തീരുമാനം.