തിരുവനന്തപുരം:സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിച്ചു. മിനിമം ചാർജിൽ മാറ്റമില്ലാതെ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചാണ് ചാർജ് വർധനവ്. അഞ്ചു കിലോ മീറ്ററിൽ എട്ടു രൂപയെന്നത് രണ്ടര കിലോമീറ്ററാക്കി കുറച്ചു. മന്ത്രി സഭായോഗത്തിന്‍റേതാണ് തീരുമാനം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റം. അതേ സമയം, വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമുണ്ടാകില്ല. വിദ്യാർഥികൾക്ക് നിലവിലുള്ള ചാർജിൽ തന്നെ യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. മിനിമം ചാർജ് എട്ട് രൂപയായി തുടരും. രണ്ടര കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 90 പൈസയാക്കി. നേരത്തെ ഇത് 77 പൈസയായിരുന്നു. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾക്കും ഇതേ നിരക്കാണ്.
ബസ് ചാര്‍ജ് വര്‍ധിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല, സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു - ബസ് ദൂരപരിധി കുറച്ചു
സംസ്ഥാനത്ത് മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. അഞ്ചു കിലോ മീറ്ററിൽ എട്ടു രൂപയെന്നത് രണ്ടര കിലോമീറ്ററാക്കിയാണ് കുറച്ചത്.
കെ.എസ്.ആർ.ടി.സിയുടെ സിറ്റി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ സൂപ്പർ ക്ലാസ് ബസുകൾക്ക് നിലവിലെ നിരക്കിൽ നിന്നും മിനിമം ചാർജും കിലോമീറ്റർ ചാർജും 25% ശതമാനം വർധിപ്പിച്ചു. ഓർഡിനറി ബസുകളിൽ ആദ്യത്തെ ഫെയർ സ്റ്റേജിന് ശേഷം അഞ്ച് കിലോമീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപയാണ് ടിക്കറ്റ് ചാർജ് നൽകേണ്ടത്. 10 കിലോ മീറ്റർ യാത്ര ചെയ്യുന്നതിന് നേരത്തെയുണ്ടായിരുന്ന 12 രൂപ നിരക്ക് 15 രൂപയായി വർധിപ്പിക്കുകയും ചെയ്‌തു. 25 കിലോമീറ്റർ യാത്ര ചെയ്യാൻ 22 രൂപയാണ് നിലവിലെ നിരക്ക്. ഇത് 28 രൂപയാക്കി. 40 കിലോമീറ്റർ യാത്ര ചെയ്യാൻ 33 രൂപയായിരുന്നത് ചാർജ് വർധനവ് വരുന്നതോടെ 42 രൂപയാകും. വർധനവ് സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്‌ച പുറത്തിറക്കും. വിദ്യാർഥി സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം കേട്ട ശേഷമാണ് കമ്മിഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അടിക്കടി ഇന്ധന വില വർധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ച് മിനിമം ചാർജ് 12 രൂപയാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയും സർക്കാരിന് കത്ത് നൽകിയിരുന്നു.