തിരുവനന്തപുരം:റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിൽ നിന്ന് ധനസഹായം സ്വീകരിക്കാൻ അനുമതി. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് കീഴിൽ റെസിലിയന്‍റ് കേരള പ്രോഗ്രാം ഫലപ്രാപ്‌തിയധിഷ്‌ഠിത (Resilient Kerala Programme for Results) വായ്‌പ പദ്ധതിയുടെ ഭാഗമായാണ് ധനസഹായം സ്വീകരിക്കുന്നത്. ലോകബാങ്കിൽ നിന്നും 150 ദശലക്ഷം ഡോളര്‍ അധിക ധനസഹായം സ്വീകരിക്കുന്നതിനാണ് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നല്‍കിയത്.
വായ്‌പ സ്വീകരിക്കുന്നത് സംബന്ധിച്ച് പരസ്‌പരാലോചനകൾ നടത്തുക, സംസ്ഥാന സര്‍ക്കാരിനു വേണ്ടി പ്രോഗ്രാം കരാറിൽ ഒപ്പുവയ്ക്കുക എന്നിവ ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറിയേയും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സിഇഒയേയും മന്ത്രിസഭ ചുമതലപ്പെടുത്തി.
കെ ഫോൺ പദ്ധതിക്ക് പ്രൊപ്രൈറ്റർ മോഡൽ:കെ - ഫോൺ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതിന് നിയോഗിച്ച ഐടി സെക്രട്ടറി കൺവീനറായ ആറംഗ സമിതി സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മാനേജ്മെന്‍റ് ചുമതല കെ - ഫോൺ ലിമിറ്റഡിൽ നിക്ഷിപ്‌തമാക്കി മറ്റ് പ്രവർത്തനങ്ങൾ ഔട്ട്സോഴ്‌സ് ചെയ്‌തുകൊണ്ടുള്ള പ്രൊപ്രൈറ്റർ മോഡൽ കെ ഫോൺ പദ്ധതിക്ക് സ്വീകരിക്കും. സർക്കാർ ഓഫിസുകൾക്ക് ഇന്‍റര്‍നെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ്‌വര്‍ക്ക് ടെർമിനൽ (ഒഎൻടി) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷന്‍ ആന്‍ഡ് മെയ്ന്‍റനന്‍സ്), സിസ്റ്റം ഇന്‍റഗ്രേറ്ററായ ബിഇഎൽ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) മുഖേന കെ - ഫോൺ ഉറപ്പുവരുത്തണം.
സർക്കാർ ഓഫിസുകളിൽ ലാൻ (LAN), വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ എംപാനൽ ചെയ്‌തിട്ടുണ്ടെന്ന് കെഎസ്‌ഐടിഐഎൽ ഉറപ്പു വരുത്തണം. ഇന്‍റര്‍നെറ്റും ഇൻട്രാനെറ്റും ലഭ്യമാക്കുന്നതിന് എല്ലാ സർക്കാർ ഓഫിസുകളോടും വെവ്വേറെ ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെടുന്നതിനു പകരം, സർക്കാർ കെ-ഫോൺ ലിമിറ്റഡിന് മൊത്തമായോ ത്രൈമാസ തവണകളായോ പേയ്മെന്‍റായി തുക നൽകും. 30,000 സർക്കാർ സ്ഥാപനങ്ങളുടെ ഒപ്റ്റിക്കൽ നെറ്റ്‌വര്‍ക്ക് ടെർമിനൽ (ഒഎൻടി) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ ആന്‍ഡ് മെയ്‌ന്‍റനൻസ്) മാത്രമാണ് സിസ്റ്റം ഇന്‍റഗ്രേറ്ററായ ബിഇഎൽ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) കൈകാര്യം ചെയ്യുന്നത്.
കാലാവധി ദീർഘിപ്പിക്കാന്‍ ശ്രമം:കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിന് ഒരു മാനേജ്‌ഡ് സർവിസ് പ്രൊവൈഡറിന്‍റെ (എംഎസ്‌പി) വൈദഗ്ധ്യം ആവശ്യമാണ്. അതിനാൽ, കെ - ഫോൺ ലിമിറ്റഡിന്‍റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി, ടെൻഡർ പ്രക്രിയയിലൂടെ, ഒരു മാനേജ്‌ഡ് സർവീസ് പ്രൊവൈഡറെ (എംഎസ്‌പി) തെരഞ്ഞെടുക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെൻഡർ കാലാവധി അഞ്ച് വർഷത്തേക്ക് ദീർഘിപ്പിക്കുന്നതിനുള്ള സാധ്യത ടെൻഡർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും.