തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സാമുദായിക സംഘടനകളെ ചൊല്ലി മുന്നണികള്‍ തമ്മിലുള്ള പോര് മുറുകുന്നു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ. മോഹന്‍ കുമാറിന് പിന്തുണ നല്‍കി എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് നടത്തിയ പരസ്യ പ്രതികരണമാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. ശരിദൂരം യുഡിഎഫിന് അനുകൂലമായി വ്യാഖ്യാനിച്ച് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത് വന്നതോടെ എന്‍എസ്എസിന്‍റെ നയം വ്യക്തമായി. ഇതോടെയാണ് എന്‍എസ്എസ് പരസ്യമായി യുഡിഎഫിന് വേണ്ടി രംഗത്ത് വന്നതായി എല്‍ഡിഎഫ് ആരോപിച്ചത്. ജാതി -മത സംഘടനകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നത് മാതൃകാ പെരുമാറ്റ ചട്ട ലംഘനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പരസ്യമായി പ്രതികരിച്ചതോടെ എന്‍എസ്എസും യുഡിഎഫും പ്രതിരോധത്തിലായി.
കോന്നിയിലും സമാനമായ സാഹചര്യമാണ്. വിശ്വാസ സംരക്ഷണവും മുന്നാക്കക്കാരിലെ പിന്നോക്ക വിഭാഗത്തോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി എന്‍എസ്എസ് സമദൂരത്തെ ശരിദൂരമാക്കുകയും പിന്നീട് അത് യുഡിഎഫ് അനുകൂലമാകുകയും ചെയ്തു. അഞ്ച് മണ്ഡലങ്ങളിലും തങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്ന് എന്‍എസ്എസ് വ്യക്തമാക്കി കഴിഞ്ഞു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എന്‍എസ്എസ് നിലപാട് നിര്‍ണായകമാകും. കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം, ഇരു മുന്നണികളെയും തള്ളി പിന്തുണയുമായി രംഗത്ത് വന്നത് ബിജെപിക്ക് അനുകൂലമായി.