തിരുവനന്തപുരം:ലോക്ക്ഡൗണിൽ പൂട്ട് വീണത് നിയന്ത്രണങ്ങളില്ലാതെ സംസ്ഥാനം കടന്നുപോയിരുന്ന സ്വകാര്യ ദീർഘദൂര ബസ് സർവീസുകൾക്ക് കൂടിയാണ്. കൊവിഡിനും ലോക്ക്ഡൗണിനും മുൻപ് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്ന് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിദിന സർവീസുകൾ ഉണ്ടായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളും ഡീസൽ വിലവർധനവും ഒന്നിച്ചുവന്നപ്പോൾ വോൾവോ, സ്കാനിയ ബസുകൾക്ക് തത്കാലം മൈതാനങ്ങളിൽ ഒതുങ്ങി കിടക്കേണ്ട ഗതികേടാണ്.
പ്രതിദിനം 400 ഷെഡ്യൂളുകൾ വരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ സർവീസ് നടത്തുന്നത് 25 ഷെഡ്യൂളുകൾ മാത്രമാണ്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുറയാത്ത പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങളിലെ അതിർത്തികളിൽ പരിശോധനയും കേരളത്തിൽ നിന്നുള്ളവർക്കുള്ള നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്. അതിർത്തി കടക്കാനുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ കടുപ്പമാക്കിയതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഐടി മേഖല വർക്ക് അറ്റ് ഹോമിലേക്ക് മാറിയതും ബിസിനസ് കോൺഫറൻസുകൾ ഓൺലൈൻ ആയതും യാത്രക്കാരുടെ എണ്ണം കുറയുന്നതിന് ആക്കം കൂട്ടി.