തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്‌ക്ക് ഊന്നൽ നൽകി ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ ബജറ്റ്. വിദ്യാഭ്യാസ മേഖലയിൽ ഗവേഷണ കണ്ടെത്തലിന് സർവകലാശാല ക്യാമ്പസുകളിൽ ട്രാൻസ്‌ലേഷൻ ലാബുകൾക്കും സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റിനുമായി ഓരോ സർവകലാശാലക്കും 20 കോടി 200 കോടി അനുവദിച്ചു. ഹോസ്റ്റൽ സൗകര്യം വർധിപ്പിക്കുന്നതിനായി 1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമിക്കും. 250 ഇന്‍റർ നാഷണൽ ഹോസ്റ്റലുകൾ നിർമിക്കാൻ 100 കോടി അനുവദിച്ചു.
വിദ്യാഭ്യാസ മേഖലയ്‌ക്ക് ഊന്നൽ; ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ട് അപ്പ് പദ്ധതികൾക്ക് പ്രാധാന്യം സർവകലാശാല ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും. എഞ്ചിനീയറിങ്, ഐടിഐ, പോളിടെക്‌നിക്കുകളിൽ സ്റ്റാർട്ട് അപ്പ് പദ്ധതികൾ ആരംഭിക്കാനുള്ള പൈലറ്റ് പദ്ധതിക്കായി 25 കോടി അനുവദിച്ചു. കേരള സർവകലാശാലയിൽ ഡേറ്റ സെന്‍റർ സ്ഥാപിക്കാൻ 50 കോടി. മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ്പ് 150 പേർക്ക്.
പൊതു വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് 70 കോടി അനുവദിച്ചു. സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടിയും സ്‌കൂൾ ഉച്ചഭക്ഷണത്തിനായി 250.64 കോടിയും അനുവദിച്ചു. അങ്കണവാടി മെനുവിൽ ആഴ്‌ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പദ്ധതിക്ക് 65 കോടി പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രധാന്യം നൽകി ബജറ്റ് അവതരിപ്പിച്ചത്. ഡിജിറ്റൽ സർവകലാശാലയ്‌ക്ക് 26 കോടി രൂപ അനുവദിച്ചു. ഹരിത ക്യാമ്പസിന് 5 കോടി രൂപയും ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി രൂപയും അനുവദിച്ചു. ശ്രീ നാരയണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് 7 കോടി അനുവദിച്ചപ്പോൾ മലയാളം സർവകലാശാല ക്യാംപസ് നിർമ്മാണത്തിനും ഫണ്ട് വകയിരുത്തി .