കേരളം

kerala

ETV Bharat / state

Varkala murder | വിവാഹ വീട്ടില്‍ അരുംകൊല, കൊല്ലപ്പെട്ടത് വധുവിന്‍റെ പിതാവ്; മകളുടെ സുഹൃത്തും കൂട്ടാളികളും പിടിയില്‍ - വിവാഹ ദിനത്തില്‍ വധുവിന്‍റെ പിതാവ് കൊല്ലപ്പെട്ടു

വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്‌മിയിൽ രാജു ആണ് കൊല്ലപ്പെട്ടത്. രാജുവിന്‍റെ മകളുടെ സുഹൃത്ത് സംഘം ചേർന്ന് എത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് വിവരം

Bride s father killed by her friend in Varkala  Varkala murder  വിവാഹ ദിനത്തില്‍ വധുവിന്‍റെ പിതാവ് കൊല്ലപ്പെട്ടു  വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്‌മിയിൽ രാജു
Varkala murder

By

Published : Jun 28, 2023, 8:12 AM IST

Updated : Jun 28, 2023, 12:49 PM IST

തിരുവനന്തപുരം: വർക്കലയിൽ വിവാഹ ദിനത്തിൽ വധുവിന്‍റെ പിതാവ് കൊല്ലപ്പെട്ടു. വടശ്ശേരിക്കോണത്ത് ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്‌മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്.

രാജുവിന്‍റെ മകൾ ശ്രീലക്ഷ്‌മിയുടെ വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് സംഭവം. പെൺകുട്ടിയുടെ സുഹൃത്ത് സംഘം ചേർന്ന് എത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കോണം സ്വദേശികളായ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെയാണ് നാല് പേരടങ്ങുന്ന സംഘം രാജുവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. തുടർന്നാണ് രാജു കൊല്ലപ്പെട്ടത്.

സംഭവം ഇങ്ങനെ: വിവാഹ തലേന്നായ ഇന്നലെ വധുവിന്‍റെ വീട്ടിൽ നടന്ന പാർട്ടി അവസാനിച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവത്തിന്‍റെ തുടക്കം. വടശ്ശേരിക്കോണം സ്വദേശികളായ ജിഷ്‌ണു, ജിജിൻ, ശ്യാം, മനു എന്നിവരാണ് ഒരു മണിയോടെ വധുവിന്‍റെ വീട്ടിലെത്തി കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കിയത്. രാജു ഇത് ചോദ്യം ചെയ്‌തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് നാലംഗ സംഘത്തിലെ ഒരാൾ രാജുവിനെ മൺവെട്ടി കൊണ്ട് തലക്കടിച്ചത്. തലക്കടിയേറ്റ രാജുവിനെ കത്തികൊണ്ട് കുത്തുകയും ചെയ്‌തു.

ഇന്ന് രാവിലെ ശിവഗിരിയിൽ വച്ച് ശ്രീലക്ഷ്‌മിയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു ദാരുണമായ കൊലപാതകം. ജിഷ്‌ണുവും ശ്രീലക്ഷ്‌മിയും നേരത്തെ അടുപ്പത്തിലായിരുന്നു എന്നും എന്നാൽ ഇത് അവസാനിപ്പിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും സൂചനയുണ്ട്. കൊലപാതക സംഘത്തിൽ ഉൾപ്പെട്ട ജിഷ്‌ണുവും ജിജിനും സഹോദരന്മാരാണ്.

കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാരാണ് തടഞ്ഞത്. ഉടൻ തന്നെ വർക്കല പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ദീർഘനാളായി ഗൾഫിൽ ജോലി ചെയ്‌തിരുന്ന രാജു നാട്ടിൽ മടങ്ങിയെത്തിയ ശേഷം ഓട്ടോ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്നു.

കൊല്ലപ്പെട്ട രാജുവിന്‍റെ അയൽവാസികളാണ് ജിഷ്‌ണുവും ജിജിനും. അതേസമയം വർക്കല പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതികളെ തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ജാതിവ്യത്യാസം, ഹല്‍ദി ചടങ്ങിനിടെ വധുവിനെ കൊലപ്പെടുത്തി:കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ഹല്‍ദി ചടങ്ങിനിടെ വധുവിനെ ബന്ധുവായ യുവാവ് കുത്തിക്കൊലപ്പെടുത്തിയിരുന്നു. സൂറത്ത് സ്വദേശിയായ മോനു പാട്ടീലാണ് കല്യാണി എന്ന യുവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം.

സൂറത്ത് സ്വദേശിയായ ജിതേന്ദ്ര മഹാജന്‍ എന്നയാളുമായി ഏറെ നാളായി കല്യാണി പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് വീട്ടുകാരെ അറിയിച്ചെങ്കിലും കല്യാണിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

ജാതി വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കല്യാണിയുടെ കുടുംബം വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചത്. കുടുംബത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്‌തു. രണ്ട് മാസങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് പിരിയാനാകില്ലെന്നും തങ്ങള്‍ വിവാഹിതരാണെന്നും മതാചാര പ്രകാരം വിവാഹം നടത്തി തരണമെന്നും ഇരുവരും കല്യാണിയുടെ വീട്ടുകാരോട് പറഞ്ഞു.

നിയമപരമായി ഇരുവരും വിവാഹിതരായിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ മതാചാര പ്രകാരം വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചു. കുടുംബം സമ്മതം അറിയിച്ചെങ്കിലും ബന്ധുവായ മോനു പാട്ടീല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് കുടുംബം വിവാഹം നടത്തുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് മോനു പാട്ടീല്‍ യുവതിയെ കൊലപ്പെടുത്തിയത്.

Last Updated : Jun 28, 2023, 12:49 PM IST

For All Latest Updates

ABOUT THE AUTHOR

...view details