തിരുവനന്തപുരം: സംസ്ഥാന ഹയർസെക്കൻഡറി പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ബോണസ് പോയിന്‍റുകൾ നൽകിവരുന്ന രീതി നിർത്തലാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ്. കഴിഞ്ഞ ദിവസം നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിൽ അച്ഛനും മകനും മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
അതേ സ്‌കൂളിലെ വിദ്യാർഥികൾ എന്ന തരത്തിൽ നൽകിവരുന്ന ബോണസ് പോയിന്‍റുകളും ഒഴിവാക്കണം. കല-കായിക-ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ, എൻസിസി, എസ്‌പിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയിൽ മികവു തെളിയിക്കുന്ന കുട്ടികൾക്ക് അവരുടെ എസ്എസ്എൽസി പരീക്ഷ മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാൽ ഹയർസെക്കൻഡറി പ്രവേശനത്തിന് ഇതേ വിഭാഗങ്ങളിൽ ബോണസ് പോയിന്‍റുകൾ നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കമെന്നും ഉത്തരവിൽ പറയുന്നു.