തിരുവനന്തപുരം:തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബ് എറിഞ്ഞ ശേഷം രക്ഷപെട്ട പ്രതിക്കായി അന്വേഷണം ഊർജിതം. പായ്ച്ചിറയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ഇന്നലെ രണ്ട് തവണ ബോംബാക്രമണം ഉണ്ടായത്. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ അണ്ടൂർക്കോണം പായ്‌ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരെ പിടികൂടാനായി പൊലീസ് വീട്ടിലെത്തിയപ്പോഴായിരുന്നു ആദ്യ ആക്രമണം നടന്നത്.
ആക്രമണത്തിൽ തലനാരിഴയ്ക്കാണ് പൊലീസ് രക്ഷപ്പെട്ടത്. പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ഷഫീഖ് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഷഫീഖിനെ പിടികൂടാനായി പൊലീസ് വീണ്ടുമെത്തിയപ്പോഴാണ് രണ്ടാമതും ആക്രമണം ഉണ്ടായത്.
ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് പ്രതികൾ: പൊലീസിനെ പിന്തിരിപ്പിക്കാൻ ബോംബ് എറിഞ്ഞ് വൻ ഭീകരാന്തരീക്ഷമാണ് പ്രതികൾ സൃഷ്‌ടിച്ചത്. പൊലീസിന് നേരെ മഴുവും എറിഞ്ഞു. പൊലീസ് കസ്റ്റഡിയിലായ പ്രതി ഷമീർ സെല്ലിനുള്ളിൽ വച്ച് ബ്ലെയ്‌ഡു കൊണ്ട് കഴുത്തിൽ പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരുടെ വീട്ടിൽ നിന്നും ലഹരി വസ്‌തുക്കൾ അടങ്ങിയ ബാഗും പൊലീസിന് ലഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പൊലീസ് എത്തുന്നതിന് മുൻപ് ഈ ബാഗ് ഷഫീഖിന്‍റെ ഉമ്മ വീടിന് സമീപം ഒളിപ്പിച്ചിരുന്നു. ഈ വിവരം നാട്ടുകാർ മംഗലപുരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് പരിശോധിച്ചിരുന്നില്ല. എന്നാൽ രക്ഷപ്പെട്ട ഷഫീഖ് വീട്ടിൽ മടങ്ങിയെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും പൊലീസ് സ്ഥലത്തെത്തി. എന്നാൽ, ഷഫീഖ് പൊലീസിന് നേരെ വീണ്ടും ബോംബെറിഞ്ഞ് രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്ത് നിന്ന് ലഹരി വസ്‌തുക്കൾ അടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തത്.
Also read:തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്; ആക്രമണം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടിക്കാനെത്തിയപ്പോള്‍