മിസ്റ്റര്‍ ഇന്ത്യ പട്ടം അനീതിന് സ്വന്തം തിരുവനന്തപുരം:ജിമ്മും വ്യായാമവും ഒന്നും അനീതിന്‍റെ ജീവിതചര്യകളില്‍പ്പെട്ടതായിരുന്നില്ല. ഇരുപത്തി മൂന്നാം വയസില്‍ വാഹനാപകടത്തില്‍ ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നപ്പോള്‍ അനീതിന് നഷ്‌ടമായത് ഏറെ പ്രതീക്ഷിച്ചിരുന്ന കെഎസ്‌ആര്‍ടിസിയിലെ ജോലി. എന്നാല്‍ ഒരിക്കലും സ്വപ്‌നം കാണുക പോലും ചെയ്യാത്ത ഉയരത്തിലാണിന്ന് അനീത്.
ഈ ആഗ്രഹങ്ങളെല്ലാം നേടിയെടുക്കാന്‍ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതുന്ന പലതും അനീതിന് നഷ്‌ടമായിട്ടുണ്ട്. 2012ലുണ്ടായ ബൈക്ക് അപകടം കാലിനെ തളര്‍ത്തിയങ്കിലും മലയിന്‍കീഴ് സ്വദേശിയായ അനീതിന്‍റെ കായിക മനസ് അതിന് തയ്യാറായില്ല. കോളജില്‍ ക്രിക്കറ്റിലും ഫുട്‌ബോളിലും സജീവമായിരുന്ന അനീത് കിടക്കയില്‍ കിടന്ന് തന്‍റെ സ്വപ്‌നങ്ങള്‍ നെയ്‌ത് കൂട്ടി. സ്വപ്‌നങ്ങള്‍ നെയ്യുക മാത്രമല്ല അതിനായി അഹോരാത്രം പ്രയത്നിക്കുകയും ചെയ്‌തു.
ആത്മവിശ്വാസം മുറുകെ പിടിച്ച അനീത് കയറിയത് വിജയത്തിന്‍റെ ഓരോ പടികളായിരുന്നു. കഠിന പ്രയത്നത്തിനൊടുവില്‍ അനീതിപ്പോള്‍ നാല് പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടു. തൊഴില്‍ വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയും അതിനൊപ്പം ഭിന്നശേഷി വിഭാഗത്തിലെ മിസ്‌റ്റര്‍ ഇന്ത്യ പട്ടവും കരസ്ഥമാക്കിയിരിക്കുകയാണ് 34 കാരനായ അനീത്.
ആ കഥയിങ്ങനെ: അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായ അനീതിന്‍റെ ശരീര ഭാരം വര്‍ധിച്ചു. ഇതോടെ ശരീര ഭാരം കുറക്കാനായി 2018ലാണ് അനീത് ജിമ്മിലേക്ക് പോയി തുടങ്ങിയത്. യുവജനകാര്യ മന്ത്രാലയം മധ്യപ്രദേശിലെ രത്‌ലാമില്‍ സംഘടിപ്പിച്ച ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തിലെ 60 കിലോഗ്രാമിന് മുകളിലെ ഭിന്നശേഷി വിഭാഗത്തിലാണ് അനീത് കിരീടം നേടിയത്.
ജില്ല തലത്തിലും സംസ്ഥാന തലത്തിലും അടക്കം കിരീടം നേടിയ ശേഷമാണ് അനീത് രാജ്യാന്തര തലത്തിലും നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നിലെ അധ്വാനം ചെറുതായിരുന്നില്ല. രാവിലെയും വൈകുന്നേരവുമായി മണിക്കൂറുകളോളം അനീത് ജിമ്മില്‍ ഇതിനായി കഠിനാധ്വാനം നടത്തിയിരുന്നു. മിസ്റ്റര്‍ ഇന്ത്യ പദവി സ്വന്തമാക്കാനായി ഭക്ഷണ കാര്യത്തിലടക്കം ഭാര്യ അഞ്ജുവും കുടുംബവും ശ്രദ്ധിച്ച് ഒപ്പം നിന്നത് കൊണ്ടാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചതെന്നാണ് അനീത് പറയുന്നത്.
ഒന്നും ഒന്നിന്‍റെയും അവസാനമല്ല: ഭക്ഷണ കാര്യങ്ങളില്‍ ഏപ്പോഴും ശ്രദ്ധ ചെലുത്തുന്ന അനീത് മത്സരത്തിന് ഒരുങ്ങുമ്പോള്‍ കൂടുതല്‍ പ്രത്യേക ഭക്ഷണ ക്രമം പിന്തുടരും. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ അടക്കം ലഭിക്കുന്ന ഭക്ഷണമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആര്‍എസ് അനന്തുവിന്‍റെ മേല്‍ നോട്ടത്തിലായിരുന്നു അനീത് പരിശീലനം നടത്തിയത്.
പരിശീലകനും അനീതിന്‍റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് അഭിമാനം മാത്രം. തന്‍റെ ശരീരം ഭാരം കുറയ്‌ക്കുന്നതിനൊപ്പം തന്നെ മിസ്റ്റര്‍ ഇന്ത്യ പദവിയിലെത്തിയിരിക്കുകയാണ് അനീത്. പ്രതിസന്ധികളെ വകവയ്‌ക്കാതെയുള്ള അനീതിന്‍റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനവും അതിശയവുമാണ്. അനീതിന്‍റെ ജീവിതവും നേട്ടങ്ങളും നല്‍കുന്നത് വലിയൊരു സന്ദേശമാണ്. ഒന്നും ഒന്നിന്‍റെയും അവസാനമായി കാണരുതെന്ന സന്ദേശവും.
also read:ലയണല്‍ സ്‌കലോണി തുടരും; ചാമ്പ്യന്‍ കോച്ചുമായുള്ള കരാര്‍ നീട്ടി എഎഫ്എ
also read: ലക്ഷ്‌മമ്മയുടെ ജീവിതം ചുടലത്തീയുടെ ചൂടിൽ ; ഇതിനകം ദഹിപ്പിച്ചത് അയ്യായിരത്തിലേറെ മൃതദേഹങ്ങൾ, ഉലയാത്ത ഉള്‍ക്കരുത്ത്