അന്ധതയെ തോല്‍പ്പിച്ച അഖില്‍ വിനയ് തിരുവനന്തപുരം:അന്ധതയെ മറികടന്ന് ആത്മവിശ്വാസം കൊണ്ട് ജീവിതം കെട്ടിപ്പടുക്കുകയാണ് തിരുമല സ്വദേശിയായ അഖില്‍ വിനയ് എന്ന ചെറുപ്പക്കാരന്‍. അപ്രതീക്ഷിതമായി കടന്നുവന്ന അന്ധത വിനയ്‌യെ നയിച്ചത് മ്യൂസിക്കിന്‍റെ ലോകത്തേക്ക്. അക്കപ്പെല്ല ഇന്‍ കര്‍ണാട്ടിക് ക്ലാസിക്കല്‍ എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടുകയെന്നതാണ് അഖില്‍ വിനയ്‌യുടെ ആഗ്രഹം.
ജീവിതം തളര്‍ത്താന്‍ ശ്രമിച്ച് അന്ധതയെന്ന ദൗര്‍ഭാഗ്യം വിനയ്‌യുടെ ആഗ്രഹത്തിന് തടസമായി. അന്ധതയെ ചൂണ്ടിക്കാട്ടി അധ്യാപകര്‍ നിസംഗത പ്രകടിപ്പിച്ചതോടെ പിഎച്ച്‌ഡി അഡ്‌മിഷന്‍ എന്നത് സ്വപ്‌നം മാത്രമായി. എന്നാല്‍ വിധിയെ പഴിച്ച് കഴിഞ്ഞ് കൂടാന്‍ ഈ ചെറുപ്പക്കാരന്‍ ഒരുക്കമല്ല. താനും കുടുംബവും ആഗ്രഹിക്കുന്നത് പോലെ അക്കപ്പെല്ലയില്‍ പിഎച്ച്‌ഡി നേടിയെടുക്കുമെന്ന് ആത്മവിശ്വാസത്തിലും അതിനുള്ള കാത്തിരിപ്പിലും തന്നെയാണിപ്പോഴും അഖില്‍ വിനയ്.
കണ്ണിന്‍റെ കാഴ്‌ച മങ്ങിയെങ്കിലും ഉള്‍ക്കാഴ്‌ചയ്‌ക്ക് മൂര്‍ച്ചയേറി:നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അഖിലിന്‍റെ കാഴ്‌ച പതിയെ മങ്ങി തുടങ്ങിയത്. നിരവധി വൈദ്യ പരിശോധനകള്‍ക്ക് വിധേയമായപ്പോഴാണ് ഭാവിയില്‍ കാഴ്‌ച പൂര്‍ണമായും നഷ്‌ടമാകുമെന്ന് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. പ്ലസ്‌ടു പഠന കാലത്ത് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത് പോലെ പൂര്‍ണമായും കാഴ്‌ച നഷ്‌ടപ്പെട്ടു.
കാഴ്‌ച നഷ്‌ടപ്പെട്ട ആദ്യ കാലങ്ങളിലെല്ലാം പൂര്‍ണ നിരാശനായിരുന്നു അഖില്‍ വിനയ്. സഹപാഠികളില്‍ നിന്ന് നിരവധി പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു അഖിലിന്. എന്നാല്‍ ഇതില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍കൊണ്ട അഖിലിന് ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് നയിക്കണമെന്ന വാശിയായി. ഇതിനെല്ലാം ഊര്‍ജം പകര്‍ന്ന് കുടുംബവും ഒപ്പം നിന്നു.
ആര്‍ട് സബ്‌ജക്‌ടുകളോട് ചെറുപ്പക്കാലം മുതല്‍ അഖിലിന് ഏറെ താത്‌പര്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് പഠനത്തിനും അത്തരമൊരു സബ്‌ജക്‌ട് തെരഞ്ഞെടുത്തത്. കുടുംബത്തിന്‍റെയും അധ്യാപകരുടെയും പൂര്‍ണ പിന്തുണയോടെ മ്യൂസിക് കോളജിലെ എംഎ ബിരുദധാരിയിലെത്തിച്ചു. ഇതിനിടെ കരാട്ടെയിലും കളരിയിലും പ്രാവീണ്യവും നേടി.
അഭിനയ രംഗത്തുണ്ടായ അവഗണന സ്വന്തം സിനിമയിലേക്ക് നയിച്ചപ്പോള്‍: കരാട്ടെയിലും കളരിയിലും മ്യൂസിക്കിലും കഴിവുള്ള അഖില്‍ വിനയ് അഭിനയത്തിലും ഏറെ തത്പരനാണ്. എന്നാല്‍ അഭിനയ മോഹവുമായി അരങ്ങിലെത്തിയപ്പോഴാകട്ടെ അവിടെയും നിരാശയായിരുന്നു. കാഴ്‌ച പരിമിതി കണക്കിലെടുത്ത് ചെറു വേഷം മാത്രം നല്‍കി അവഗണിച്ചു. നേരിടേണ്ടി വന്ന അവഗണനകളെ ഊര്‍ജമാക്കി മാറ്റി ജീവിതം കെട്ടിപ്പടുക്കുന്ന അഖിലിന് ഇതും ഒരു മുതല്‍ കൂട്ടായെന്ന് പറയാം. സ്വന്തമായൊരു ഷോര്‍ട്ട് ഫിലിം തന്നെ അഖില്‍ നിര്‍മിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായി വേഷമിട്ടെന്ന് മാത്രമല്ല കഥ, സംവിധാനം, മ്യൂസിക് എന്നിവയും അഖില്‍ തന്നെയാണ് ഒരുക്കിയത്.
സ്വന്തമായൊരു 'അക്യുസ്റ്റിക്ക' മ്യൂസിക് ബാന്‍ഡ്:അക്കപ്പെല്ല ഇന്‍ കര്‍ണാട്ടിക് ക്ലാസിക്കല്‍ എന്ന വിഷയത്തില്‍ പിഎച്ച്‌ഡി അഡ്‌മിഷന്‍ ആഗ്രഹം മാത്രമായി നിലനില്‍ക്കുകയാണെങ്കിലും അക്കപ്പെല്ല മ്യൂസിക് അവതരിപ്പിക്കുന്ന അക്യുസ്റ്റിക്ക എന്ന മ്യൂസിക്ക് ബാന്‍ഡും അഖിലിനുണ്ട്. അവഗണന ലഭിച്ച മേഖലകളിലെല്ലാം കൂടുതല്‍ ജ്വലിക്കാന്‍ അഖില്‍ വിനയ്‌ക്ക് സാധിച്ചിട്ടുണ്ട്. അക്കപ്പെല്ല ഇന്‍ കര്‍ണാട്ടിക് ക്ലാസിക്കിലെ പിഎച്ച്‌ഡിയെന്ന മോഹവും സഫലമാകുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഈ ചെറുപ്പക്കാരന്‍.
കട്ട സപ്പോര്‍ട്ടായി കുടുംബവും സുഹൃത്തുക്കളും:അന്ധതയെ ഒരു പരിമിതിയായി കാണാന്‍ ഇഷ്‌ടപ്പെടാത്ത അഖിലിന്‍റെ ആഗ്രഹങ്ങള്‍ക്കെല്ലാം പിന്തുണയേകുന്നത് അച്ഛന്‍ വിനയനും അമ്മ ഷീജ വിനയനും സഹോദരന്‍ അമലും അടങ്ങുന്ന കുടുംബമാണ്.മാത്രമല്ല ആഗ്രഹങ്ങള്‍ക്കെല്ലാം കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളാണ് വിനയ്‌യുടെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ കൂട്ടെന്നും പറയാം. ബാക്കി നില്‍ക്കുന്ന പിഎച്ച്‌ഡിയെന്ന ആഗ്രഹം സഫലമാക്കാന്‍ കുടുംബവും സുഹൃത്തുക്കളും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷയിലാണിപ്പോള്‍ വിനയ്.